കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും കാല്‍നടയാത്രക്കാരന്റെ മുകളിലേക്കും തെറിച്ച് വീണു. കോന്നി – അട്ടച്ചാക്കല്‍ റോഡില്‍ പുലര്‍ച്ചെ 6.15 നായിരുന്നു അപകടം നടന്നത്. കോന്നിതാഴം ഇടയത്ത്പടിക്ക് സമീപം പുളിവേലില്‍ വീട്ടില്‍ സജിയുടെ വീട്ടുമുറ്റത്തേക്കാണ് ഇറച്ചിക്കോഴികള്‍ നിറച്ച പെട്ടികള്‍ വാഹനത്തില്‍ നിന്നും മറിഞ്ഞത്. ഈ സമയം റോഡരികില്‍ കൂടി പോയ കാല്‍നടയാത്രികന്റെ ദേഹത്തേക്കും പെട്ടികള്‍ വീണു. എന്നാല്‍ ഇയാള്‍ക്ക് ഭാഗ്യം കൊണ്ട് മാത്രമാണ് പരിക്കേല്‍ക്കാതിരുന്നത്. അപകടത്തില്‍ ഇരുപത് ഇറച്ചി കോഴികള്‍ ചാവുകയും ചെയ്തു.
അടുത്തടുത്തായി വളവുകള്‍ വരുന്ന റോഡില്‍ വാഹനം വളവ് തിരിഞ്ഞപ്പോള്‍ പെട്ടികള്‍ കെട്ടിയിരുന്ന കയര്‍ അഴിഞ്ഞുപോയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. പെട്ടികള്‍ റോഡില്‍ നിരന്നതോടെ ഗതാഗതവും ഏറെനേരം തടസ്സപ്പെട്ടു. കോഴികള്‍ നിറച്ച പെട്ടികള്‍ പൂര്‍ണ്ണമായി റോഡില്‍ നിന്നും നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. മുന്‍പും ഈ വളവില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചും റോഡില്‍ തെന്നിമാറിയും നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ട്. മഴക്കാലത്ത് ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണെന്നും സമീപവാസികള്‍ പറഞ്ഞു.































