ന്യൂഡൽഹി : ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർത്ഥി പ്രതിഷേധത്തിനു പിന്തുണ നൽകിയ ബോളിവുഡ് നടി ദീപിക പദുക്കോൺ മോഡലാവുന്ന ബ്രാൻഡുകൾ ബഹിഷ്കരിക്കാൻ ആഹ്വാനം. ദീപിക മോഡലായെത്തുന്ന ലക്സ് സോപ്പ് ബഹിഷ്കരിക്കണമെന്ന ഹാഷ്ടാഗിൽ മുഴുവൻ ഉത്പന്നങ്ങളും ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ക്യാമ്പയിനാണ് ട്വിറ്ററിൽ നടക്കുന്നത്. ‘ബോയ്‌കോട്ട് ലക്‌സ്’ എന്ന ഹാഷ്ടാഗാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.
നേരത്തെ ദീപികയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഛപകി’നെതിരെയും ബഹിഷ്കരണ ആഹ്വാനം ഉയർന്നിരുന്നു. എന്നാൽ ഈ ആഹ്വാനങ്ങളെ മറികടന്ന് ചിത്രം മികച്ച റിപ്പോർട്ടുകൾ നേടി. ഇതിനു പിന്നാലെയാണ് ദീപിക മോഡലാവുന്ന ഉത്പനങ്ങൾ ബഹിഷ്കരിക്കണമെന്നും ട്വിറ്ററിൽ ക്യാമ്പയിൻ നടക്കുന്നത്.
ആസിഡ് ആക്രമണത്തിനെതിരായ സന്ദേശം നല്‍കുന്ന ചിത്രത്തിന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശും ഛത്തീസ്ഗഡുമാണ് നികുതിയിളവ് പ്രഖ്യാപിച്ചത്. യുപിയില്‍ സമാജ് വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തിയറ്ററുകള്‍ വാടകയ്‌ക്കെടുത്ത് ചിത്രത്തിന് സൗജന്യ പ്രദര്‍ശനം ഒരുക്കുകയും ചെയ്തിരുന്നു. ജെഎൻയുവിൽ നടന്ന ഫീസ് വർധനക്കെതിരെ വിദ്യാർത്ഥികൾ നടത്തി വന്നിരുന്ന പ്രതിഷേധത്തിനാണ് ദീപിക പിന്തുണയർപ്പിച്ചത്. സമര സ്ഥലത്തെത്തി വിദ്യാർത്ഥികളെ കണ്ട ദീപിക അവർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടർന്ന് എബിവിപി, ബിജെപി നേതാക്കൾ ദീപികക്കെതിരെ രംഗത്തു വന്നു. പിന്നീടായിരുന്നു ബഹിഷ്കരണ ക്യാമ്പയിൻ.