മാനന്തവാടി: വയനാട്ടില്‍ വീണ്ടും കുരങ്ങു പനി, മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ രണ്ടു പേര്‍ക്കാണ് ഇപ്പോള്‍ കുരങ്ങുപനി സ്ഥിരീകരിച്ചിരിക്കുന്നത്. ചേലൂര്‍ രണ്ടാം ഗേറ്റിലെ അറുപത്തിരണ്ടുകാരനും നാല്‍പ്പത്തേഴുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം മൂന്നായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം വയനാട്ടില്‍ എട്ട് പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു
ചേലൂരില്‍ കുരങ്ങുപനി സ്ഥിരീകരിച്ചവര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. ചേലൂര്‍ സ്വദേശിനിയായ യുവതിക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ വീടിന് സമീപത്ത് നിന്നായി ചത്ത കുരങ്ങിനെയും കണ്ടെത്തിയിരുന്നു. ഈ പ്രദേശങ്ങളില്‍ കുരങ്ങ് ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിരിക്കുന്നത്.