ചെന്നൈ : തമിഴ്‌നാട്ടിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് ലൈഫ് ഇൻഷുറൻസ് പരിരക്ഷയുമായി തമിഴ്നാട് സർക്കാർ. അപകടം മൂലമോ അല്ലാതെയോ കുടുംബനാഥൻ മരിച്ചാൽ നിശ്ചിതതുക ഇൻഷുറൻസായി ലഭിക്കുന്ന പദ്ധതിയാണ് ധനവകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം അവതരിപ്പിച്ച ബജറ്റിൽ പ്രഖ്യാപിച്ചത്.
പദ്ധതിക്ക് രൂപം നൽകി കഴിഞ്ഞുവെന്നും സംസ്ഥാനത്തെ 55.67 ലക്ഷം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും പനീർശെൽവം പറഞ്ഞു. കുടുംബനാഥന്റേത് സാധാരണ മരണമാണെങ്കിൽ രണ്ടുലക്ഷം രൂപയും അപകടമരണമെങ്കിൽ നാലുലക്ഷം രൂപയുമാണ് ഇൻഷുറസ് തുകയായി ലഭിക്കുക. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ജോലിചെയ്യാൻ സാധിക്കാതെ വന്നാലും രണ്ടുലക്ഷം രൂപ ലഭിക്കും.