റാന്നി : ഭക്ഷണമില്ലാതെ ആരും വിശന്നിരിക്കരുതെന്ന നിർബന്ധവുമായി ഫാ.ഡേവിസ് ചിറമേൽ ജീവകാരുണ്യ നിധി നടപ്പിലാക്കുന്ന “ക്ലോത്ത് ബാങ്ക് വേഴ്സസ് ഫുഡ് ബാങ്ക് ” എന്ന പദ്ധതി ഇനി റാന്നിയിലും. പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും കിഡ്നി ഫെഡറേഷൻ സ്ഥാപകനുമായ ഫാ.ഡേവിസ് ചിറമേൽ രക്ഷാധികാരിയായ തൃശൂർ കൊരട്ടി കേന്ദ്രമാക്കിയുള്ള ചാരിറ്റബിൾ ട്രസ്റ്റ് റാന്നി അങ്ങാടി നാക്കോലക്കൽ സീനിയർ സിറ്റിസൺസ് കെയർ സെൻററുമായി കൈകോർത്തു കൊണ്ടാണ് പത്തനംതിട്ട ജില്ലയിലെ ക്ലോത്ത് ബാങ്ക് കേന്ദ്രം ആരംഭിക്കുന്നത്.
വീടുകളിൽ ഉപയോഗിക്കാതെ ഇരിക്കുന്നതും പുതിയതുമായ വസ്ത്രങ്ങൾ ശേഖരിച്ച് വിൽപ്പനശാലയിൽ പ്രദർശിപ്പിച്ച് ചെറിയ വിലയ്ക്ക് ആവശ്യക്കാർക്ക് നൽകി ആ പണം ഉപയോഗിച്ച് തെരുവോരങ്ങളിലും അഗതിമന്ദിരങ്ങളിലുമൊക്കെ അന്നദാനം നടത്തുക എന്നതാണ് പദ്ധതി. വലിയ വില കൊടുക്കേണ്ട ഗുണമേന്മയുള്ള വസ്ത്രങ്ങൾ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ചുരുങ്ങിയ ചിലവിൽ വാങ്ങാനാകും. കൊരട്ടി, തൃശ്ശൂർ, വടക്കാഞ്ചേരി, കോട്ടയം, മീനങ്ങാടി, മൂവാറ്റുപുഴ തുടങ്ങി എട്ട് കേന്ദ്രങ്ങളിൽ വിജയകരമായി നടപ്പിലാക്കിയ ഈ പദ്ധതിയുടെ പത്തനംതിട്ട ജില്ലയിലെ ഏക കേന്ദ്രമാണ് റാന്നി അങ്ങാടി നാക്കോലയ്ക്കൽ സെന്ററിൽ ആരംഭിക്കുന്നത്.
റാന്നിയിലെ വിവിധ സാമൂഹ്യ ജീവകാരുണ്യ സംഘടനകളും പ്രവർത്തകരും ഈ പദ്ധതിയുടെ കോ – ഓർഡിനേറ്റർമാരായി പ്രവർത്തിക്കുന്നു. ഭാരവാഹി സ്ഥാനമില്ലാതെ ലക്ഷ്യപ്രാപ്തിക്കായി പ്രവർത്തിക്കുന്ന ഒരു പറ്റം ആളുകളാണ് ഓരോ സ്ഥലങ്ങളിലും മുൻകൈയ്യെടുത്ത് പ്രവർത്തിച്ചു വരുന്നത്. ദാനമായി നൽകുന്ന ഓരോ നല്ല വസ്ത്രവും വിശക്കുന്നവന് മുമ്പിൽ ഭക്ഷണമായി മാറുന്നതാണീ കാരുണ്യ പദ്ധതി. അടുത്ത മാസം വസ്ത്ര ബാങ്ക് പ്രവർത്തനം ആരംഭിക്കും. വസ്ത്രങ്ങൾ നൽകുവാൻ ആഗ്രഹിക്കുന്നവർ നാക്കോലയ്ക്കൽ സീനിയർ സിറ്റിസൺ സെൻറിലോ (ഫോൺ9400926168) മാമ്മുക്ക് ഗുഡ് സമരിറ്റൻ ചാരിറ്റബിൾ സൊസൈറ്റിയിലോ (ഫോൺ 8547224211) ഏൽപ്പിക്കാവുന്നതാണ്. അവലോകനയോഗം ഫാ.ഡേവിസ് ചിറമേൽ ഉത്ഘാടനം ചെയ്തു. ഡയറക്ടർ വർഗീസ് മാത്യു നാക്കോലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. റോയി മാത്യൂസ് കോർ എപ്പിസ്കോപ്പാ, ഫാ.ബെൻസി മാത്യു കിഴക്കേതിൽ, തോമസ് മാമ്മൻ പുത്തൻപുരക്കൽ, ചിറമേൽ ട്രസ്റ്റ് എം.ഡി.രാജൻ, കോ – ഓർഡിനേറ്റർ ജോസ്, ഡോ.ജൻസി ബ്ലസൻ, റേച്ചൽ വർഗീസ്, അന്നമ്മ ടി.ബി തുടങ്ങിയവർ പ്രസംഗിച്ചു.