തിരുവനന്തപുരം: പൊതുജന മധ്യത്തില്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധന ഒഴിവാക്കണമെന്ന് കെ.എസ്.ആർ.ടി.സിയിലെ അംഗീകൃത തൊഴിലാളി യൂനിയനുകള്‍. പരിഷ്കാരത്തെ സ്വാഗതം ചെയ്യുന്നുവെന്നും പക്ഷെ ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ നടപ്പാക്കണമെന്നും യൂനിയനുകള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ സി.എം.ഡിയെ അറിയിച്ചു. സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം വീണ്ടും കൊണ്ടുവരാനുള്ള നീക്കത്തെ തടയുമെന്ന് കോണ്‍ഗ്രസ് അനുകൂല ടി.ഡി.എഫ് യൂനിയന്‍ യോഗത്തില്‍ നിലപാടെടുത്തു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരെ ഡ്യൂട്ടിക്ക് കയറുന്നതിന് മുമ്പ് ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ പരിശോധന തുടങ്ങിയത്.
പ്രധാനമായും ഡ്രൈവറെയും കണ്ടക്ടറെയുമാണ് പരിശോധനക്ക് വിധേയമാക്കുക. പരസ്യമായിട്ടാണ് പ്രത്യേക സ്ക്വാഡ് ഈ പരിശോധന നടത്തുന്നത്. മാധ്യമങ്ങളും ഓണ്‍ലൈന്‍ ചാനലുകാരും പൊതുജനവും ഇതിന്റെ ദൃശ്യമെടുക്കുന്നത് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് യൂനിയനുകള്‍ സി.എം.ഡി പ്രമോജ് ശങ്കറെ അറിയിച്ചത്. വെഹിക്കിള്‍ സൂപ്പര്‍വൈസറുടെയോ സ്റ്റേഷന്‍ മാസ്റ്ററുടയോ മുറിയില്‍ വച്ച് പരിശോധന നടത്തണമെന്നാണ് യൂനിയനുകളുടെ ആവശ്യം. അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നാണ് സി.എം.ഡിയുടെ മറുപടി.