കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ കറുകച്ചാല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിജിലന്‍സ് പിടിയിലായി. പാത്താമുട്ടം ചൂരച്ചിറ സ്വദേശിനി അനിത എം.തോമസിനെയാണ് 16,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.
കറുകച്ചാല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന കരാറുകാരനോട് ബില്ലുകള്‍ പാസാക്കുന്നതിന് ഇവര്‍ 30,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതനുസരിച്ച് യുവാവ് ആദ്യം 9,000 രൂപ നല്‍കി. ഈ തുക കൈപ്പറ്റിയ ശേഷം ബാക്കി 21,000 രൂപയും ആവശ്യപ്പെട്ട് ഇവര്‍ നിരന്തരം ശല്യം ചെയ്തു. എന്തെങ്കിലും കുറവ് ചെയ്യണമെന്ന് കരാറുകാരന്‍ ആവശ്യപ്പെട്ടെങ്കിലും 16,000 രൂപ തന്നേ മതിയാകൂ എന്ന് പഞ്ചായത്ത് സെക്രട്ടറി നിര്‍ബന്ധം പിടിക്കുകയായിരുന്നു. തുടര്‍ന്ന് കരാറുകാരന്‍ കോട്ടയം വിജിലന്‍സ് സൂപ്രണ്ട് വി.ജി.വിനോദ് കുമാറിന് പരാതി നല്‍കി.
തുടര്‍ന്ന് രണ്ട് ദിവസം വിജിലന്‍സ് സംഘം ഇവരെ നിരീക്ഷിച്ചു. ഇതിനിടെ ഇവര്‍ വീണ്ടും യുവാവിനെ ബന്ധപ്പെട്ടു. തുടര്‍ന്ന് വിജിലന്‍സ് സംഘം നല്‍കിയ ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ 16,000 രൂപ പ്രതിയുടെ പാത്താമുട്ടം ചൂരച്ചിറയിലുള്ള വീടിന് സമീപം റോഡില്‍വെച്ച് പരാതിക്കാരനില്‍നിന്ന് കൈപ്പറ്റി. പിന്നാലെയെത്തിയ വിജിലന്‍സ് സംഘം നോട്ടുകള്‍ ഉദ്യോഗസ്ഥയില്‍നിന്ന് കണ്ടെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കോട്ടയം യൂണിറ്റ് ഡിവൈ.എസ്‌പി. അലക്‌സ് ബേബി, ഇന്‍സ്‌പെക്ടര്‍മാരായ റിജോ പി.ജോസഫ്, രാജന്‍ കെ.അരമന, അജീബ് ഇ., എസ്‌ഐ.മാരായ വിന്‍സെന്റ്, സന്തോഷ് കുമാര്‍ കെ., സന്തോഷ് കെ., അനില്‍ കുമാര്‍ റ്റി.കെ. എന്നിവരും ഉണ്ടായിരുന്നു.