ഹൈദരബാദ്: കൈക്കൂലി വാങ്ങുന്നതിനിടെ സബ് ഇന്‍സ്‌പെക്ടര്‍ പിടിയില്‍. ജൂബിലി ഹില്‍സ് സബ് ഇന്‍സ്‌പെക്ടര്‍ പി.സുധീര്‍ റെഡ്ഡിയെയാണ് കൈക്കൂലിക്കേസില്‍ ഇന്‍റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലാണ് സംഭവം. തട്ടിപ്പുകേസില്‍ പിടിയിലായ വ്യവസായിയെ ജാമ്യത്തില്‍ വിടാമെന്ന് പറഞ്ഞാണ് സുധീര്‍ കൈക്കൂലി വാങ്ങിയത്. ബ്യൂട്ടിപാര്‍ലറിലെത്തി ഭാര്യയ്ക്ക് 34,000 രൂപയുടെ ബ്യൂട്ടി ട്രീറ്റ്‌മെന്റുകള്‍ നടത്തിയശേഷം പണം നല്‍കാനാകില്ലെന്ന്പറഞ്ഞ് കടന്നുകളഞ്ഞതിനാണ് വ്യവസായിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ഒരുലക്ഷം രൂപയും രണ്ട് കുപ്പി വിദേശമദ്യവും കൈക്കൂലിയായി നല്‍കിയാല്‍ ഭര്‍ത്താവിനെ ജാമ്യത്തില്‍ വിട്ടയക്കാമെന്ന് സുധീറും ബാലവന്തയ്യ എന്ന പോലീസുകാരനും വ്യവസായിയുടെ ഭാര്യയെ അറിയിച്ചു. എന്നാല്‍ ഒരുലക്ഷം രൂപ നല്‍കാനാകില്ലെന്ന് പറഞ്ഞതോടെ 50,000 രൂപയും മദ്യവും നല്‍കിയാല്‍ ഭര്‍ത്താവിനെ ജാമ്യത്തില്‍ വിട്ടയക്കാമെന്നായി. തുടര്‍ന്ന് യുവതി ഇന്റലിജന്‍സ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം യുവതി 50,000 രൂപയും മദ്യവും കാറിനുള്ളില്‍ വെച്ച് കൈമാറുന്നതിനിടെയാണ് സുധീറിനെ പിടികൂടിയത്.