കൊല്ലം: തമിഴ് കൊള്ള സംഘം പത്തനാപുരത്ത് പിടിയിലായതോടെ സംസ്ഥാനത്തെ വൻ കവർച്ചാക്കേസുകൾ തെളിയിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് കേരള പോലീസ്. തൃശൂർ മണ്ണുത്തിയിലേതടക്കം നിരവധി കവർച്ചകൾ നടത്തിയതായി പിടിയിലായ രാജശേഖരനും കൂട്ടാളികളും അന്വേഷണ സംഘത്തോട് വ്യക്തമാക്കി.
സേലം സ്വദേശി രാജശേഖരൻ (40), തിരുനൽവേലി സിന്ധു, പൂന്തുറൈ സ്വദേശി പാണ്ടിദുരൈ (26), മധുര സ്വദേശി മാരിയപ്പൻ (30) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്ന് മോഷ്ടിച്ച ടാറ്റ ഹെക്സ കാറുമായാണ് രാജശേഖരനുൾപ്പെടുന്ന നാൽവർ സംഘം നവംബർ 23ന് രാത്രിയിൽ തൃശൂർ മണ്ണുത്തിയിലെത്തിയത്. വരുന്ന വഴി തമിഴ്നാട്ടിലെ തുടിയല്ലൂരിലെ ഒരു വീട്ടിൽ കയറി. അവിടെ നിന്ന് 150 പവന്റെ സ്വർണാഭരണങ്ങളും രണ്ടേകാൽ കിലോ വെള്ളിയും അപഹരിച്ചു. ദേശീയപാതയോരത്തായി മണ്ണുത്തി മുല്ലക്കരയിലെ ഡോ.ക്രിസ്റ്റിയുടെ വീട്ടിലെത്തിയപ്പോൾ പുലർച്ചെ 3 അടുത്തിരുന്നു. ബെല്ലടിച്ച് വീട്ടുകാരെ വിളിച്ചുണർത്തി. നാൽവർ സംഘം വീട്ടിനുള്ളിൽ കടന്ന ശേഷമായിരുന്നു തങ്ങൾ കവർച്ച നടത്താനെത്തിയതാണെന്ന് വ്യക്തമാക്കിയത്.
ആരെയും ഉപദ്രവിക്കില്ല സ്വർണവും പണവും തന്നാൽ മതിയെന്ന് നല്ല ഇംഗ്ളീഷിലാണ് രാജശേഖരൻ ഡോക്ടറോട് പറഞ്ഞത്. വീട് മുഴുവൻ അരിച്ചുപെറുക്കിയിട്ടും സ്വർണം കിട്ടാതെ വന്നതോടെ ദേഷ്യത്തിൽ അവിടെയുണ്ടായിരുന്ന വലിയ കളിപ്പാട്ടം രാജശേഖരൻ എറിഞ്ഞുടച്ചു. അതിനുള്ളിലായിരുന്നു സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. 32 പവന്റെ ആഭരണങ്ങളും എഴുപതിനായിരം രൂപയും ഇവിടെ നിന്നും എടുത്തപ്പോൾ വിവാഹ മോതിരം തിരികെ തരണമെന്ന് ഡോക്ടറുടെ ഭാര്യ അഭ്യർത്ഥിച്ചു. മോതിരം തിരികെ നൽകിയ ശേഷമാണ് സംഘം രക്ഷപ്പെട്ടത്. സേലം സ്വദേശിയായ രാജശേഖരനാണ് സംഘത്തിലെ പ്രധാനി. പത്താംക്ളാസ് മാത്രമാണ് വിദ്യഭ്യാസ യോഗ്യതയെങ്കിലും രാജശേഖരന് ഇംഗ്ളീഷ് നന്നായി കൈകാര്യം ചെയ്യാനറിയാം. . 26 വയസുള്ള പാണ്ഡി ദുരൈ പതിനാലാം വയസിലാണ് മോഷണ രംഗത്ത് എത്തിയത്. 26 തവണ പിടിക്കപ്പെടുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ നിരവധി മോഷണക്കേസുകളിൽ പ്രതിയുമാണ്.
മണ്ണുത്തിയിൽ ഡോക്ടറുടെ വീട്ടിലെ കവർച്ചയ്ക്ക് ശേഷം സംഘം മടങ്ങിയപ്പോൾ നൈറ്റ് പട്രോളിംഗ് നടത്തിയ പോലീസ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കാറിലുണ്ടായിരുന്നവരോട് വിവരങ്ങൾ ചോദിക്കുകയും ലൈസൻസ് പരിശോധിക്കുകയും ചെയ്തതുമാണ്. ഡ്രൈവിംഗ് ലൈസൻസ് കണ്ട് ബോദ്ധ്യപ്പെട്ട് തിരികെ നൽകി. ഇത് ഗുണ്ടാ ആക്രമണത്തിൽ ഒന്നര വർഷം മുൻപ് മരിച്ച കുറുപ്പുസ്വാമിയുടേതാണെന്ന് പിന്നീടാണ് മനസിലായത്. പോലീസ് ഡ്രൈവർ പി.ജി.മനോജ് ലൈസൻസിന്റെ ഫോട്ടോ മൊബൈലിൽ പകർത്തിയിരുന്നു. ഡോക്ടറുടെ പരാതി ലഭിച്ചയുടൻ അന്വേഷണത്തിന് ഉപകരിച്ചത് ഈ ഫോട്ടോയാണ്. സംഘത്തെ പിടികൂടിയതോടെ തൊണ്ടി സാധനങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മോഷ്ടിച്ച സ്വർണം വിൽപ്പന നടത്തുകയും പണയം വയ്ക്കുന്നതുമാണ് സംഘത്തിന്റെ രീതി. മൂന്ന് പവന്റെ ആഭരണം മാത്രമേ സംഘത്തിൽ നിന്ന് നേരിട്ട് ലഭിച്ചുള്ളു. രണ്ട് ലക്ഷം രൂപ വീതം നാൽവർ സംഘത്തിന്റെ ബന്ധുക്കളുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. തമിഴ്നാട് പോലീസിന്റെ തുടർ അന്വേഷണത്തിൽ കൂടുതൽ സ്വർണം കണ്ടെത്തിയെന്നാണ് സൂചന. 3 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
മണ്ണുത്തിയിലെ മോഷണത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടക്കാൻ പത്തനാപുരം വഴിയാണ് സംഘം കാറിൽ സഞ്ചരിച്ചത്. അപ്പോഴാണ് പ്രവാസിയുടെ വീട്ടിൽ കവർച്ചയ്ക്ക് ശ്രമം നടത്തിയത്. ഇത് വിജയിക്കാതെ വന്നതോടെ സംഘം തമിഴ്നാട്ടിലേക്ക് വണ്ടിവിട്ടു. ഈ കേസുമായി ബന്ധപ്പെട്ട് റൂറൽ എസ്.പി ഹരിശങ്കറിന്റെ പ്രത്യേക ടീമും മണ്ണുത്തി കേസുമായി ബന്ധപ്പെട്ട് തൃശൂർ എ.സി.പി വി.കെ.രാജുവിന്റെ നേതൃത്വത്തിലുള്ള സംഘവും കൊള്ളസംഘത്തിന് പിന്നിലുണ്ടായിരുന്നു.