പത്തനംതിട്ട : എഴുപത്തൊന്നാമത് റിപ്പബ്‌ളിക് ദിനം പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് വിപുലമായി സംഘടിപ്പിക്കുന്നതിന് എ.ഡി.എം അലക്‌സ് പി തോമസിന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്‌കൂളുകളിലെയും ഉദ്യോഗസ്ഥര്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും ആഘോഷങ്ങളില്‍ ജീവനക്കാരുടെ സാന്നിധ്യം ഉറപ്പാക്കാന്‍ വകുപ്പ് മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ അവരുടെ സ്‌കൂള്‍ വാഹനങ്ങളില്‍ തന്നെ എത്തണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് എ.ഡി.എം നിര്‍ദേശം നല്‍കി. റിഹേഴ്‌സലില്‍ പങ്കെടുക്കുന്ന ടീമുകളെ മാത്രമേ റിപ്പബ്ലിക് ദിന പരേഡിലും പരിപാടികളിലും പങ്കെടുപ്പിക്കുകയുള്ളൂ.
റിപ്പബ്ലിക് ദിനാഘോഷം പിഴവുകളില്ലാതെ സംഘടിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ക്ക് യോഗം രൂപം നല്‍കി. ആഘോഷ പരിപാടികളുടെ ഏകോപനത്തിനായി കോഴഞ്ചേരി തഹസില്‍ദാരെ ചുമതലപ്പെടുത്തി. സെറിമോണിയല്‍ പരേഡിന്റെ പരിപൂര്‍ണ ചുമതല എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റായ കെ.സുരേഷിനാണ്. പോലീസ് സായുധസേനയുടെ മൂന്ന് വിഭാഗം, എസ്.പി.സിയുടെ ഏഴ് വിഭാഗം, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് എട്ട് വിഭാഗം, ജൂനിയര്‍ റെഡ്‌ക്രോസ് അഞ്ച് വിഭാഗം, ബാന്‍ഡ് സെറ്റിന്റെ നാല് വിഭാഗം, എന്‍.സി.സി, ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു, എക്‌സൈസ് എന്നിവയുടെ ഓരോ വിഭാഗവും പരഡില്‍ പങ്കെടുക്കും. ഈ മാസം 22 നും 23 നും ഉച്ചകഴിഞ്ഞ് മൂന്ന് മുതലും 24ന് രാവിലെ ഏഴ് മുതലും ജില്ലാ സ്റ്റേഡിയത്തില്‍ റിഹേഴ്‌സല്‍ നടത്തും. ആദ്യ രണ്ട് ദിവസങ്ങളില്‍ റിഹേഴ്‌സലിന് എത്തുന്ന കുട്ടികള്‍ക്ക് പത്തനംതിട്ട നഗരസഭയും 24 ന് ജില്ലാ പഞ്ചായത്തും ലഘുഭക്ഷണം ലഭ്യമാക്കും. പരേഡ്ദിവസം രാവിലെ ജില്ലാ സപ്ലൈ ഓഫീസും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി ലഘുഭക്ഷണം ലഭ്യമാക്കും. റിഹേഴ്‌സല്‍ ദിവസങ്ങളിലും റിപ്പബ്ലിക് ദിനാഘോഷ വേളയിലും ജില്ലാ സ്റ്റേഡിയത്തില്‍ ആവശ്യമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് പത്തനംതിട്ട വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. കൂടാതെ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവിന്റെ എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഒരു ടീമിന്റെ സേവനവും റിഹേഴ്‌സല്‍- പരേഡ് ദിവസങ്ങളില്‍ ലഭ്യമാക്കും.
റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ക്ക് ആവശ്യമായ പന്തല്‍ സല്യൂട്ടിംഗ് ബേസ്, ബാരിക്കേഡ് എന്നിവ പൊതുമരാമത്ത് (കെട്ടിടവിഭാഗം) എക്‌സിക്യുട്ടീവ് എന്‍ജിനീയുടെ ചുമതലയില്‍ നിര്‍മിക്കും. എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, മറ്റ് ഒഫിഷ്യലുകള്‍ എന്നിവര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ പ്രത്യേകം തിരിച്ച് ക്രമീകരിക്കും. പൊതുമരാമത്ത് (ഇലക്ട്രിക്കല്‍) അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയുടെ ചുമതലയില്‍ സ്റ്റേഡിയത്തില്‍ വെളിച്ചം ക്രമീകരിക്കും. റിഹേഴ്‌സല്‍ ദിവസങ്ങളില്‍ ബന്ധപ്പെട്ടവര്‍ക്കുള്ള വാഹനങ്ങളുടെ ക്രമീകരണം ജില്ലാ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ നിര്‍വഹിക്കും.
രണ്ടു സ്‌കൂളുകളുടെ സാംസ്‌കാരിക പരിപാടിയും മൂന്നു ടീമുകളുടെ ദേശഭക്തിഗാനങ്ങളും പരേഡിനു ശേഷം അവതരിപ്പിക്കും. റിഹേഴ്‌സല്‍ ദിനങ്ങളിലും റിപ്പബ്ലിക് ദിനാഘോഷവേളയിലും ആംബുലന്‍സ് സൗകര്യം അടക്കമുള്ള മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാക്കും. ജില്ലാ സ്റ്റേഡിയത്തിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കുകയും, സ്റ്റേഡിയം ക്രമീകരിക്കുകയും ചെയ്യും. കൂടാതെ, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, പത്തനംതിട്ട, തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, എസ്.പി.സി ചുമതലയുള്ള ഡിവൈ.എസ്.പി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിഭാഗം, എന്‍.സി.സി എന്നിവരടങ്ങിയ സബ്കമ്മിറ്റി പതിനേഴിന് ആര്‍.ടി.ഒ ഓഫീസില്‍ ചേരും.