പത്തനംതിട്ട : മാതാപിതാക്കളും മക്കളും അടങ്ങുന്ന കുടുംബ സ്വത്ത് തര്‍ക്കങ്ങള്‍ സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചു വരുന്നതായി വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ പരാതികള്‍ പരിഗണിക്കുകയായിരുന്നു കമ്മീഷന്‍ അംഗം.
കുടുംബാംഗങ്ങള്‍ തമ്മില്‍ വിട്ടുവീഴ്ചാ മനോഭാവം ഇല്ലാത്തത് ഭൂരിഭാഗം പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. മാതാവിന്റെ റേഷന്‍ കാര്‍ഡ് മകന്‍ പിടിച്ചെടുത്ത് കൈവശം വച്ചിരിക്കുന്നെന്ന പരാതിയിന്മേല്‍ പുതിയ ഒരു റേഷന്‍ കാര്‍ഡ് കൂടി ഒരാള്‍ക്ക് അനുവദിച്ച് പ്രശ്നം പരിഹരിക്കുന്നതിന് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് പരാതി കൈമാറി.
സേവനത്തിന്റെയും സാമൂഹിക ബോധത്തിന്റെയും നല്ല തലമുറയെ വാര്‍ത്തെടുക്കുന്ന അധ്യാപകര്‍ സമൂഹത്തിന് മാതൃകയാകണമെന്ന് വനിതാ കമ്മീഷന്‍ അംഗം പറഞ്ഞു. അദാലത്തില്‍ ജില്ലയിലെ ഒരു സ്വകാര്യ വിദ്യാലയത്തിലെ പ്രഥമ അധ്യാപകനെതിരേയുള്ള പരാതി പരിഗണിക്കുകയായിരുന്നു കമ്മീഷന്‍ അംഗം. സ്വകാര്യ വിദ്യാലയത്തിലെ അധ്യാപകന്‍ ഇതേ സ്‌കൂളിലെ അധ്യാപികയുടെ ഭര്‍ത്താവുമായുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് അധ്യാപികയെ ഉള്‍പ്പെടുത്തി തെറ്റായ സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് പരാതി. ഇതേ തുടര്‍ന്ന് ഇരുവരേയും വിളിച്ചു വരുത്തി മൊഴിയെടുത്തു. അധ്യാപകന്‍ ചെയ്ത പ്രവര്‍ത്തി തെറ്റാണെന്നു പറഞ്ഞ കമ്മീഷന്‍ അംഗത്തോട് നിയമം തനിക്കു പ്രശ്നമല്ലെന്നും താന്‍ ചെയ്യുന്നതാണ് ശരിയെന്നും അധ്യാപകന്‍ പറഞ്ഞു. അധ്യാപികയുടെ പരാതി സൈബര്‍ സെല്ലിനു കൈമാറി നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു. അധ്യാപകനെതിരേ നടപടി സ്വീകരിക്കണമെന്ന് സ്‌കൂള്‍ മാനേജ്മെന്റിന് കമ്മീഷനംഗം കത്തു നല്‍കും.
പഴയതും പുതിയതുമായി ലഭിച്ച പരാതികള്‍ പരിഗണിച്ചതില്‍ 29 എണ്ണം മാത്രമാണ് ശേഷിക്കുന്നത്. പത്തനംതിട്ട ജില്ലയെ പരാതി രഹിത ജില്ലയായി പ്രഖ്യാപിക്കുന്നതിനുള്ള പരിശ്രമത്തിലാണ് വനിതാ കമ്മീഷന്‍. പരാതി കൃത്യമായി പരിഹരിക്കുന്നതും ജില്ലയില്‍ കമ്മീഷന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി നടത്തി വരുന്ന ബോധവത്കരണ പരിപാടികളും പരാതികളുടെ എണ്ണം കുറയുന്നതിന് കാരണമായിട്ടുണ്ട്. പരാതി രഹിത ജില്ലയായി പ്രഖ്യാപിക്കുന്നതിനുള്ള കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ വിജയിപ്പിക്കുന്നതിന് ഏറ്റവും വലിയ പങ്കു വഹിച്ചുകൊണ്ടിരിക്കുന്നത് ജില്ലയിലെ മാധ്യമങ്ങളാണെന്ന് കമ്മീഷനംഗം ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു. വനിതാ കമ്മീഷന്റെ എല്ലാ നിര്‍ദേശങ്ങളും തീരുമാനങ്ങളും ജനങ്ങളിലേക്ക് എത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നും കമ്മീഷനംഗം പറഞ്ഞു.
പുതിയതും പഴയതുമായി ആകെ 37 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ ആറു കേസുകള്‍ തീര്‍പ്പായി. രണ്ടു കേസുകള്‍ അന്വേഷണ റിപ്പോര്‍ട്ടിനായി കൈമാറി. 29 കേസുകള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ജെ. റജീന, ലീഗല്‍ പാനല്‍ ഉദ്യോഗസ്ഥരായ അഡ്വ. സബീന, അഡ്വ. സീമ, കൗണ്‍സിലര്‍മാരായ ശാന്തി, ലിന്‍സി തുടങ്ങിയവര്‍ പങ്കെടുത്തു.