വയനാട്: വയനാട്ടില്‍ എംഡിഎംഎ കേസില്‍ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ സിഐക്ക് സസ്‌പെന്‍ഷന്‍. വയനാട് വൈത്തിരി എസ്എച്ച്ഒ ജെഇ ജയനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. ഡിജെ പാര്‍ട്ടിക്ക് എംഡിഎംഎ ഉപയോഗിച്ച കേസില്‍ പ്രതിയായ ഹോം സ്റ്റേ ഉടമയോടാണ് പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങിയത്. 1.25 ലക്ഷം രൂപയാണ് എസ്എച്ച്ഒ ആയ ജയന്‍ കൈക്കൂലി വാങ്ങിയത്. സംഭവത്തില്‍ സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പിന്നാലെ അവധിയില്‍ പോയ ജയനെതിരെ വിശദമായ അന്വേഷണത്തിന് തീരുമാനമുണ്ട്. ഇതിന്റെ ഭാഗമായാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.
വൈത്തിരി ലക്കിടി മണ്ടമലയിലെ ഹോം സ്റ്റേയില്‍ നിന്ന് ഇക്കഴിഞ്ഞ ജൂണ്‍ 27 നാണ് പോലീസ് എംഡിഎംഎ കണ്ടെത്തിയത്. വൈത്തിരി എസ്‌ഐ എംകെ സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്. ഹോം സ്റ്റേയിലെത്തിയ പോലീസ് സംഘം ഒന്‍പത് പേരെയാണ് കസ്റ്റഡിയിലെടുത്തത്. 10.20 ഗ്രാം എംഡിഎംഎയും ഇവരില്‍ നിന്ന് കണ്ടെത്തിയിരുന്നു.