തിരുവനന്തപുരം: കൈക്കൂലി കേസിലെ പ്രതിയെ രക്ഷിക്കാൻ, കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് സ്‌പെഷ്യൽ സെൽ ഡിവൈഎസ്പിയെ പ്രതിയാക്കി വിജിലൻസ് എഫ്‌ഐആർ ഫയൽ ചെയ്തു. വിജിലൻസ് സ്‌പെഷ്യൽ സെൽ ഡിവൈഎസ്പി വേലായുധൻ നായരെ പ്രതിയാക്കിയാണ് വിജിലൻസ് സംഘം പ്രത്യേക കോടതിയിൽ എഫ്‌ഐആർ ഫയൽ ചെയ്തത്.വേലായുധൻ നായർ പത്തനംതിട്ട യൂണിറ്റിലായിരുന്നപ്പോൾ 25,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ തിരുവല്ല മുൻസിപ്പൽ സെക്രട്ടറി എസ്. നാരായണനെയും ഓഫീസ് അറ്റന്റർ ഹസീനാബീഗത്തെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ നാരായണൻ തന്റെ ചെങ്ങന്നൂരിലെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇതേ ബാങ്കിലെ കഴക്കൂട്ടം ശാഖയിലേക്ക് 50,000 രൂപ മാറ്റിയിരുന്നു.
അന്വേഷണത്തിൽ ഈ അക്കൗണ്ട് വേലായുധൻ നായരുടെ മകൻ ശ്യാംലാലിന്റേതാണെന്ന് കണ്ടെത്തി. തുടർന്ന് വേലായുധൻ നായരും നാരായണനും നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും കണ്ടെത്തി. പണം കൈപ്പറ്റി മൂന്ന് മാസത്തിനകം വിജിലൻസിന് പറ്റിയ പിശകാണ് നാരായണന്റെ പേരിൽ കേസ് എടുത്തതെന്ന് കാണിച്ച് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ വേലായുധൻനായർ റിപ്പോർട്ട് നൽകിയത്. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ കണക്കിൽ കവിഞ്ഞ സ്വത്ത് നാരായണൻനായർ സമ്പാദിച്ചതായി കണ്ടെത്തി. തുടർന്ന് നടത്തിയ റെയ്ഡിലാണ് പണം കൈമാറ്റം ചെയ്ത രേഖകൾ കണ്ടെത്തിയത്.