തിരുവല്ല : ഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നു പോകുന്നത് അപകടം വരുത്തുമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടും ആനപ്രമ്പാല്‍ ക്ഷേത്രക്കടവ് പാലത്തിലൂടെ അമിത ലോഡുമായി ലോറികള്‍ കയറി ഇറങ്ങുന്നതായി പരാതി. പാലത്തിന്റെ ഇരു കരകളിലും ഉള്ള കൈവരികള്‍ തകര്‍ന്നു വെള്ളത്തിലേയ്ക്ക് വീഴാറായി. ഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ പാലം കുലുങ്ങുന്നുണ്ടെന്നും പരിസരവാസികള്‍ പറയുന്നു.
ഭാരവാഹനങ്ങള്‍ കയറ്റരുതെന്നു പറഞ്ഞ് പഞ്ചായത്ത് അധികൃതര്‍ ഇരു കരകളിലും സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ ഇതിനോടകം സാമൂഹിക വിരുദ്ധര്‍ നദിയില്‍ എറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു. പാലത്തില്‍ വലിയ വാഹനങ്ങള്‍ കടന്നു പോകാതിരിക്കാന്‍ വേണ്ടി പാലത്തിലേക്ക് കയറുന്ന ഭാഗത്ത് കട്ടി കൂടിയ ആംഗിള്‍ അയണ്‍ കൊണ്ട് ഗര്‍ഡര്‍ സ്ഥാപിച്ചിരുന്നു. പതിനായിരക്കണക്കിനു രൂപ നാട്ടുകാര്‍ പിരിവെടുത്തു സ്ഥാപിച്ച ഗര്‍ഡറുകള്‍ മൂന്നു തവണ മണലുമായി പോകുന്നതിനു വേണ്ടി ലോറിക്കാര്‍ നശിപ്പിച്ചത്.
തലവടി പഞ്ചായത്ത് 11, 14 വാര്‍ഡുകള്‍ ആയ ആനപ്രമ്പാല്‍ തെക്കും വടക്കും കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണിത്. കടത്തു കടവ് ആയിരുന്ന സ്ഥലത്ത് കെ.സി ജോസഫ് എംഎല്‍എ ആയിരുന്ന സമയത്ത് തുക അനുവദിച്ചു നിര്‍മിച്ച പാലം ആണിത്. തെക്കേക്കരയില്‍ ഉള്ളവര്‍ക്ക് സംസ്ഥാന പാതയില്‍ എത്താന്‍ ഉള്ള പ്രധാന മാര്‍ഗമാണിത്.
തെക്കേക്കരയില്‍ നിന്നു വടക്കേക്കരയിലും അതേപോലെ തന്നെ തിരിച്ച് തെക്കേ കരയിലേക്കും ലോഡുകള്‍ എത്തിക്കാന്‍ 4 കിലോമീറ്റര്‍ ദൂരം കുറച്ച് ഓടിയാല്‍ മതിയെന്നതാണ് ലോഡുമായി പാലം കയറാന്‍ കാരണം. മുന്‍കാലങ്ങളില്‍ രാത്രി കാലങ്ങളിലായിരുന്നു ഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നു പോയിരുന്നത്. ഇപ്പോള്‍ പകല്‍ സമയങ്ങളിലും ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. രണ്ടു വര്‍ഷം മുന്‍പ് പാലത്തിലേക്ക് ലോറി കയറുന്നതിനിടെ നദിയിലേക്കു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചിരുന്നു. നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു.