ഡല്‍ഹി: ബ്രിജ് ഭൂഷന്‍ സിങ് ശക്തി പ്രകടനത്തിനായി അയോധ്യയില്‍ സംഘടിപ്പിക്കാനിരുന്ന റാലി റദ്ദാക്കി. തനിക്കെതിരായ കുറ്റങ്ങളില്‍ പോലീസ് അന്വേഷണം നടക്കുന്നതിനാല്‍ റാലി കുറച്ചു ദിവസത്തേക്ക് നീട്ടിവെക്കുകയാണെന്ന് ബ്രിജ് ഭൂഷന്‍ വ്യക്തമാക്കി. ലക്ഷക്കണക്കിന് സന്യാസിമാരുടെ അനുഗ്രഹത്തോടെ തിങ്കളാഴ്ച റാലിയെ അഭിസംബോധന ചെയ്യുമെന്നായിരുന്നു ബ്രിജ് ഭൂഷന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
ബ്രിജ് ഭൂഷനെതിരായ എഫ്.ഐ.ആര്‍ വിവരങ്ങള്‍ പുറത്തായതിനു പിന്നാലെയാണ് റാലി നീട്ടിവെക്കുന്നുവെന്ന പ്രഖ്യാപനം വന്നത്. തനിക്കെതിരായ കുറ്റരോപണം തെറ്റാണെന്നും രാഷ്ട്രീയ എതിരാളികളുടെ പരിശ്രമമാണിതെന്നുമാണ് ബ്രിജ് ഭൂഷന്‍ ആരോപിച്ചിരിക്കുന്നത്. 28 വര്‍ഷമായി നിങ്ങളുടെ പിന്തുണയോടെ ലോക്‌സഭംഗമാണ്. എല്ലാ ജാതി മത വിഭാഗങ്ങളിലെയും ജനങ്ങളെ ഒന്നിപ്പിക്കാന്‍ വേണ്ടി മാത്രമാണ് അധികാരത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും ശ്രമിച്ചത്. ഇതെല്ലാം കൊണ്ടാണ് എന്റെ രാഷ്ട്രീയ എതിരാളികളും അവരുടെ പാര്‍ട്ടികളും എന്നെ വ്യാജമായി പ്രതിയാക്കിയത്. നിലവിലെ സാഹചര്യത്തില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രാദേശിക വാദം ഉയര്‍ത്തി സാമൂഹിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്- ബ്രിജ് ഭൂഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.