ലണ്ടൻ : ബ്രിട്ടീഷ് ടെലിവിഷൻ അവതാരകയും നടിയുമായ കരോലിൻ ഫ്ലാക്കിനെ ശനിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തി. നാൽപതു വയസ്സായിരുന്നു. ലണ്ടനിലെ വീട്ടിലാണ് കരോലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കരോലിൻ മരിച്ച വിവരം കുടുംബം സ്ഥിരീകരിച്ചു. ‘ലവ് ഐലന്റ്’ ഉള്‍പ്പടെ ഇരുപതിലധികം ടെലിവിഷൻ പരിപാടികളില്‍ അവതാരകയായെത്തി പ്രശസ്തയായ ആളാണ് കരോലിൻ ഫ്ലാക്ക്.
അതേസമയം കാമുകനെ ആക്രമിച്ച കേസിൽ അടുത്ത മാസം വിചാരണ നേരിടാൻ പോകുന്നതിന് പിന്നാലെയാണ് കരോലിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിസംബറിലായിരുന്നു കാമുകനെ ആക്രമിച്ചെന്നാരോപിച്ച് കരോലിനെതിരെ പോലീസ് കേസെടുത്തത്. വിളക്ക് ഉപയോഗിച്ചാണ് കരോലിൻ കാമുകനെ ആക്രമിച്ചത്. കേസില്‍ പോലീസിനോടോ കോടതിക്ക് മുന്നിലോ കുറ്റം സമ്മതിക്കാൻ കരോലിൻ തയ്യാറായിരുന്നില്ല. കേസിൽ ജാമ്യം ലഭിച്ചെങ്കിലും വിചാരണ തുടർന്നു.
ബ്രിട്ടീഷ് ചാനലായ ഐടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയാണ് ലവ് ഐലന്റ്. വലിയ പ്രേക്ഷക ശ്രദ്ധനേടി മുന്നേറുന്ന പരിപാടിയിൽ കരോലിന്റെ സാന്നിധ്യം വളരെ വലുതാണ്. കരോലിന്റെ മരണ വാർത്ത തങ്ങളെ ഞെട്ടിച്ചുകളഞ്ഞെന്നും ഇത് താങ്ങാവുന്നതിലും അധികം സങ്കടമാണ് ഉണ്ടാക്കുന്നതെന്നും സഹപ്രവർത്തകർ പറഞ്ഞു. കരോലിൻ മുഖ്യവേഷം അവതരിപ്പിക്കുന്ന ടിവി സീരിസിന്റെ സംപ്രേക്ഷണം താല്‍കാലികമായി നിർത്തിവച്ചതായി ചാനൽ4 അറിയിച്ചു. ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖരാണ് കരോലിന്റെ വേർപാടിൽ അനുശോചിച്ചത്.
അതേസമയം ഡേറ്റിംഗ് പ്രോഗ്രാമിൽ പ്രത്യക്ഷപ്പെട്ട മത്സരാർത്ഥികളായ മൈക്ക് തലാസിറ്റിസും സോഫി ഗ്രേഡണും കഴിഞ്ഞ ആഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കരോലിന്റെ മരണ വാർത്ത പുറത്തുവന്നത്.