പന്തളം : പന്തളം – പത്തനംതിട്ട റോഡിൽ തകർന്ന സ്ലാബ് കാൽനട യാത്രക്കാർക്ക് ഭീഷണിയാകുന്നു. പന്തളം ജംഗ്ഷന് കിഴക്കുവശത്ത് റോഡ് പുനർനിർമ്മിച്ചപ്പോൾ ഓടയ്ക്ക് മുകളിലിട്ട സ്ലാബാണ് മാസങ്ങളായി തകർന്നുകിടക്കുന്നത് . വളരെ തിരക്കേറിയ ഈ പ്രധാന പാതയിലൂടെ നിരവധി വാഹനങ്ങളാണ് പോകുന്നത്. റോഡിന്റെ ഇരുവശത്തും ഓടയ്ക്ക് മൂടികൾ സ്ഥാപിച്ചപ്പോൾ വീതി കുറവുള്ള റോഡായതിനാൽ ഓടയുടെ മൂടിക്ക് മുകളിലൂടെയാണ് കാൽനടയാത്രക്കാർ പോകുന്നത്. ആഴമേറിയ ഓടയുടെ മുകളിലെ സ്ലാബുകൾ തകർന്നതിനാൽ യാത്രക്കാർ ഓടയിൽ വീഴാൻ സാദ്ധ്യതയേറെയാണ്.
എം.സി.റോഡിലും സ്ഥിതി വ്യത്യസ്തമല്ല കെ.എസ്.ഡി.പി. എം. സി റോഡ് പുനർ നിർമ്മിച്ചപ്പോൾ പറന്തൽ മുതൽ പന്തളം വരെയുള്ള ഭാഗങ്ങളിൽ പല ഭാഗങ്ങളിലും ഓടയ്ക്ക് മൂടി സ്ഥാപിച്ചില്ല. റോഡിന് പലയിടത്തും വേണ്ടത്ര വീതിയും ഇല്ല. അളന്നുതിട്ടപ്പെടുത്തിയ പുറമ്പോക്ക് ഭൂമി പോലും എടുത്തില്ല. സുരക്ഷാ ഇടനാഴിയുടെ ഭാഗമായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രണ്ടാംഘട്ട നിർമ്മാണം ആരംഭിച്ച് കഴിഞ്ഞകൊല്ലം പൂർത്തീകരിച്ചെങ്കിലും ഓടയ്ക്ക് മൂടി സ്ഥാപിച്ചില്ല. എം.എം ജംഗ്ഷനിലടക്കം വെള്ളം ഒഴുകിപ്പോകാൻ കഴിയുന്ന തരത്തിലല്ല ഓടയുടെ പണികൾ ചെയ്തത്. അതിനാൽ മഴ പെയ്താൽ ഓടയും റോഡും നിറഞ്ഞ് കടകളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ് ഇവിടെ. ഇപ്പോൾ നിർമ്മാണം നടക്കുന്ന എം.എം. ജംഗ്ഷൻ നൂറനാട് റോഡിലെ ഓടകളുള്ള ഭാഗങ്ങളിൽ മിക്കയിടങ്ങളിലും മൂടി സ്ഥാപിച്ചിട്ടില്ല. നിയന്ത്രണം വിട്ട് വാഹനങ്ങൾ ഓടയിൽ മറിയുന്നത് പതിവാണ്. രാത്രികാലങ്ങളിൽ മാലിന്യങ്ങൾ വ്യാപകമായി മുടിയില്ലാത്ത ഓടകളിൽ തള്ളുന്നുമുണ്ട്.