കാക്കനാട് : കെട്ടിട വാടകയിനത്തില്‍ തൃക്കാക്കര നഗരസഭക്ക് കോടികളുടെ നഷ്ടമുണ്ടായതിന് പിന്നാലെ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി നഗരസഭ ധനകാര്യ സ്ഥിരം സമിതി. നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിക്കൊരുങ്ങുന്നത്. നോട്ടീസ് നല്‍കി മുറികള്‍ തിരിച്ചുപിടിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന സ്ഥിരം സമിതി യോഗത്തിലാണ് നഗരസഭക്ക് കീഴിലെ കടമുറികള്‍ വാടകക്കെടുത്ത നിരവധിപേര്‍ വാടക മുടക്കിയതായി ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നഗരസഭ കൗണ്‍സിലര്‍മാര്‍, മുന്‍ കൗണ്‍സിലര്‍മാര്‍, ബന്ധുക്കള്‍ തുടങ്ങിയവര്‍ അടക്കം നിരവധിപേര്‍ക്ക് വാടക കുടിശ്ശിക ഉണ്ടെന്ന് മനസ്സിലായത്.
പലരും ലക്ഷക്കണക്കിന് രൂപയാണ് അടക്കാനുള്ളത്. ചിലരുടെ പേരില്‍ ഒന്നിലധികം കടമുറികള്‍ ഉള്ളതായും ലേലത്തില്‍ പങ്കെടുത്തവരല്ല കടകള്‍ നടത്തുന്നതെന്നും വ്യക്തമായിരുന്നു. നഗരസഭയില്‍നിന്ന് ലേലത്തില്‍ പിടിച്ച മുറികള്‍ പലമടങ്ങ് തുക ഈടാക്കിയാണ് മറിച്ച് നല്‍കിയിട്ടുള്ളത്. ഇവരില്‍ പലരും കൃത്യമായി വാടക നല്‍കുന്നുണ്ടെങ്കിലും മുറി ഉടമകള്‍ നഗരസഭയില്‍ അടക്കാത്ത സാഹചര്യമുണ്ടെന്നും സ്ഥിരം സമിതി അംഗങ്ങള്‍ പറഞ്ഞു. കുടിശ്ശിക വരുത്തിയിട്ടുള്ളവര്‍ക്ക് എത്രയും വേഗം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്നും അടക്കാത്തപക്ഷം ഒഴിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.