തിരുവനന്തപുരം: തമിഴ്‌നാട് തെങ്കാശിയിൽ സ്‌കൂൾ ബസും കാറും കൂട്ടിയിടിച്ച് 5 പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. തെങ്കാശിയിലെ ശങ്കരൻകോവിലിന് സമീപം ഇന്ന് വൈകുന്നേരത്താണ് അപകടം. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങി വന്ന കാർ യാത്രക്കാരാണ് മരിച്ചത്. പനവടാലിചത്രം ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ദപ്പുളി ഗ്രാമത്തിലെ ഗുരുസ്വാമി, വെളുത്തൈ, ഉദയമ്മാൾ, മനോജ്കുമാർ എന്നിവരാണ് മരിച്ചത്. അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു.
ഒരു കുടുംബത്തിലുള്ളവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. തിരുച്ചെന്തൂർ ക്ഷേത്രത്തിൽ പോയി മടങ്ങി വരുന്നതിനിടെയാണ് അപകടം. അപകടത്തെ കുറിച്ച് അന്വേഷണം നടത്താൻ തെങ്കാശി ജില്ലാ കലക്ടർ ദുരൈ രവിചന്ദ്രൻ ഉത്തരവിട്ടിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തി അന്വേഷം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.