കൊല്ലം: യാത്രക്കാരിയായ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. തെങ്കാശി – കൊല്ലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ തെങ്കാശി സൗത്ത് സ്ട്രീറ്റ് സ്വദേശി എസക്കി അരസനെയാണ് (38) കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. പൂനലൂരില്‍ പഠിക്കുന്ന പെണ്‍കുട്ടി സ്ഥിരമായി ഇതേ ബസിലാണ് ക്ലാസ് കഴിഞ്ഞ് വൈകിട്ട് കുണ്ടറയിലേക്ക് യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ 19 ന് വൈകിട്ട് നാല് മണിയോടെ പുനലൂരില്‍ നിന്ന് ബസില്‍ കയറിയ കുട്ടിയോട് കണ്ടക്ടര്‍ അപമര്യാദയായി പെരുമാറുകയായിരുന്നു.
വിവാഹം കഴിക്കാമെന്ന് പറഞ്ഞാണ് കണ്ടക്ടര്‍ പെണ്‍കുട്ടിയുടെ സീറ്റിനടുത്തിരുന്ന് അപമര്യാദയായി പെരുമാറിയത്. വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. ഇതോടെ അടുത്ത ദിവസം പെണ്‍കുട്ടിയുടെ പിതാവ് വൈകുന്നേരത്തോടെ പുനലൂരിലെത്തി. പെണ്‍കുട്ടിയും പിതാവും വെവ്വേറെ സീറ്റുകളിലാണ് ഇരുന്നത്. ബസ് കൊട്ടാരക്കര പിന്നിട്ടതോടെ കണ്ടക്ടര്‍ പെണ്‍കുട്ടിയുടെ സീറ്റിനരികില്‍ വന്ന് ശല്യം ചെയ്യാന്‍ തുടങ്ങി. ഇതോടെ പെണ്‍കുട്ടിയുടെ പിതാവും മറ്റ് യാത്രക്കാരും ചേര്‍ന്ന് ബഹളംവെക്കുകയും ബസ് കുണ്ടറ പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് കണ്ടക്ടറെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.