പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ ഉടമ റേയി ഡാനിയേൽ ,ഭാര്യ പ്രഭ, മക്കളായ റീനു, റിയ, റീബ എന്നിവരുടെ പേരിൽ രാജ്യത്താകമാനമുള്ള എല്ലാ ആസ്തികളും മരവിപ്പിച്ചു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻ്റെ നേതൃത്വത്തിലാണ് പോപ്പുലർ ഫിനാൻസ് ഉടമകളുടെ ആസ്തി മരപ്പിച്ചത്. ഇവരുടെ പേരിലുള്ള വസ്തുവകകളിലും അക്കൗണ്ടുകളുടെയും മേൽ ഇനി ഒരു നടപടികളും നടക്കരുതെന്ന് ചൂണ്ടിക്കാണിച്ച് എൻഫോഴ്സ് ഡയറക്ടറേറ്റ് പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് അക്കൗണ്ടുകൾ ഉള്ള ബാങ്കുകൾക്കും വിവിധ രജിസ്ട്രാർന്മാർക്കും കത്തും നൽകിയിട്ടുണ്ട്.
ഇവരെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം വ്യക്തമായ രേഖകളില്ലാതെ കോടിക്കണക്കിന് രൂപ പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ചവരെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും പോലീസ് ശേഖരിച്ച് എൻഫോഴ്സ്മെൻ്റിന് കൈമാറിയിട്ടുണ്ട്.
ഈ ആളുകളുടെ പണത്തിൻ്റെ ഉറവിടം കണ്ടെത്താനുള്ള ചുമതല എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് ആയതിനാൽ കോടി കണക്കിന് രൂപ പോപ്പുലർ ഗ്രൂപ്പിൽ നിക്ഷേപിച്ചെങ്കിലും പരാതി നൽകാൻ കഴിയാത്ത ആളുകളുടെ വിവരങ്ങൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നേരിട്ട് അന്വേഷിക്കും.
ഇവർ നിക്ഷേപിച്ച പണം എവിടെ നിന്ന് ലഭിച്ചു, നിക്ഷേപിച്ച പണത്തിൻ്റെ സോഴ്സ്, എന്താണ് പരാതി നൽകാൻ തയ്യാറാകാത്തത് എന്നീ കാര്യങ്ങളായിരിക്കും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. സോഴ്സ് നൽകാൻ ഇവർക്ക് കഴിഞ്ഞില്ലെങ്കിൽ ഇവരുടെ പേരിലും കേസ് രജിസ്റ്റർ ചെയ്യാനാണ് എൻഫോഴ്സ്മെൻറിൻ്റെ തീരുമാനം.