മുംബൈ: വിറ്റുവരവിൽ ഇലോൺ മസ്കിന്റെ ടെസ്‌ലയെ മറികടന്ന് ചൈനയുടെ വൈദ്യുത വാഹനനിർമാതാക്കളായ ബിവൈഡി. കഴിഞ്ഞവർഷം ബിവൈഡിയുടെ വിറ്റുവരവ് 10,000 കോടി ഡോളർ (ഏകദേശം 8.57 ലക്ഷം കോടി രൂപ) പിന്നിട്ടതോടെയാണിത്. 2024-ൽ ബിവൈഡി 10,720 കോടി ഡോളറിന്റെ വിറ്റവരവാണ് നേടിയത്. ടെസ്‌ലയ്ക്കിത് 9770 കോടി ഡോളറാണ്. ബിവൈഡിയുടെ ലാഭം 34 ശതമാനം ഉയർന്ന് 4030 കോടി ഡോളറിലേക്കെത്തിയിട്ടുണ്ട്. ഉയർന്ന സാങ്കേതികമികവിനൊപ്പം ഗുണമേന്മയും ഡിസൈനും വിലക്കുറവുമാണ് ബിവൈഡിയെ ആകർഷകമാക്കുന്നത്.
ഇതുവഴി ചൈനീസ് വൈദ്യുതവാഹനവിപണിയിൽ ബിവൈഡി മുൻനിരയിലെത്തിക്കഴിഞ്ഞു. സാങ്കേതികമികവിന്റെ ബലത്തിൽ ചൈനാവിപണി പിടിച്ച ടെസ്‌ല ഇതോടെ പിന്നാക്കം പോകുകയാണ്. ചൈനയിൽ വൈദ്യുതവാഹന വിൽപ്പനയിൽ ടെസ്‌ല അഞ്ചാം സ്ഥാനത്താണിപ്പോൾ. അന്താരാഷ്ട്ര വിപണിയിലും ടെസ്‌ലയ്ക്ക് അത്രനല്ല കാലമല്ല. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കാൻ തുടങ്ങിയതോടെ യൂറോപ്യൻ വിപണിയിൽ ടെസ്‌ലയുടെ വില്പന ഇടിഞ്ഞു. ഇത് അവസരമാക്കി യൂറോപ്യൻ വിപണിയിലേക്ക് കടന്നുകയറാൻ ബിവൈഡിയും ശ്രമിക്കുന്നുണ്ട്.