തിരുവനന്തപുരം : ഗതാഗതക്കുരുക്കഴിക്കാന്‍ വരുന്നു കെഎസ് ആര്‍ടിസിവക ബൈപ്പാസ് റൈഡര്‍. ടൗണുകളിലെ ഗതാഗതക്കുരുക്കില്‍ പെടാതിരിക്കാന്‍, തിരുവനന്തപുരത്തു നിന്നു കോഴിക്കോട്ടേക്കും തിരിച്ചും ടൗണുകളില്‍ കയറാതെ ബൈപാസ് വഴി പോകുന്ന സര്‍വീസുകള്‍ നടത്തുന്നതിന് കെഎസ്ആര്‍ടിസി സിഎംഡി ബിജുപ്രഭാകറിന്റെ നേതൃത്വത്തില്‍ തീരുമാനമെടുത്തു. രാത്രിയിലും പകലും ഒരു മണിക്കൂര്‍ ഇടവേളയില്‍ ദേശീയപാത വഴിയും എംസി റോഡ് വഴിയും ഇത്തരം ബൈപാസ് സര്‍വീസുകള്‍ ഓടും. ഈ സര്‍വീസുകള്‍ സമയം പാലിച്ച് , സര്‍വീസ് റദ്ദാക്കാതെ പതിവായി വിടുന്നതിന് ശ്രദ്ധിക്കണമെന്ന കര്‍ശന നിര്‍ദേശവും നല്‍കി.
സീറ്റ് റിസര്‍വ് ചെയ്ത യാത്രക്കാരന് ആ ബസില്‍ സീറ്റ് നല്‍കാനായില്ലെങ്കില്‍ മറ്റൊരു ബസില്‍ സീറ്റ് നല്‍കും. 30 ദിവസം വരെ നേരത്തേ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് യാത്രാക്കൂലിയില്‍ ഇളവും നല്‍കും. ഗള്‍ഫ് വിമാനങ്ങളുടെ സമയക്രമം നോക്കി തിരുവനന്തപുരത്തു നിന്നു ഗള്‍ഫ് കണക്ട് എന്ന പേരില്‍ എസി ബസുകള്‍ ഓടിക്കും. ഡിപ്പോ തലത്തില്‍ ഏകോപനമില്ലാതെ ഓടുന്ന സൂപ്പര്‍ ക്ലാസ് ബസുകളുടെ സര്‍വീസ് ക്രമീകരിക്കാനും തീരുമാനിച്ചു.
തിരുവനന്തപുരത്ത് നിന്നും ദേശീയപാത വഴി പോകുന്ന ബസുകള്‍ കിഴക്കേകോട്ട , അട്ടക്കുളങ്ങര, ഈഞ്ചക്കല്‍, ആനയറ , കഴക്കൂട്ടം റൂട്ടിലൂടെ പോകും. എംസി റോഡിലൂടെ പോകുന്ന ബസുകള്‍ക്ക് മാറ്റമില്ല. ബൈപാസ് റൈഡര്‍ ബസുകള്‍ ബൈപാസുകള്‍ തുടങ്ങുന്ന സ്ഥലത്ത് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രമേ നിര്‍ത്താന്‍ പാടുള്ളു. ഇവിടെ ഭക്ഷണം കഴിക്കാനുള്ള സ്ഥലവുമുണ്ടാകണം. ഇവിടെ നിന്നും ചെയിന്‍ സര്‍വീസുകള്‍ ടൗണുകളിലേക്കു ഉണ്ടാകും.
ഫീഡര്‍ സ്റ്റേഷനുകളില്‍ ബൈപാസ് റൈഡര്‍ ബസുകളിലെത്തുന്ന യാത്രക്കാര്‍ക്ക് പ്രത്യേക ഇരിപ്പിടം ഒരുക്കും. ഫീഡര്‍ സ്റ്റേഷനുകളില്‍ ടോയ്‌ലറ്റും ഫാനുള്‍പ്പെടെ എല്ലാ സംവിധാവും ഒരുക്കാനും നിര്‍ദേശമുണ്ട്. ഈ ബസുകളിലെത്തുന്നവര്‍ക്ക് ഫീഡര്‍ ചെയിന്‍ സര്‍വീസുകളില്‍ സൗജന്യ യാത്രയുമൊരുക്കും. ബൈപാസ് റൈഡറുകള്‍ക്ക് സൂപ്പര്‍ ഫാസ്റ്റ് , എയര്‍ സസ്‌പെന്‍ഷന്‍, ലോ ഫ്‌ലോര്‍ എസി എന്നീ ബസുകള്‍ മാത്രമേ ഉപയോഗിക്കൂ. ഡിപ്പോകളില്‍ യാത്രക്കാര്‍ ബസ് കാത്തിരിക്കുന്ന സ്ഥലം വെള്ളയും ഓറഞ്ചു ചേര്‍ന്ന പെയിന്റടിച്ച് അടയാളപ്പെടുത്തും.