കല്‍പറ്റ: പൗരത്വ നിയമത്തിന് അനുകൂലമായ കാംമ്പയിന്‍ കുതന്ത്രങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ബിജെപിക്ക് തിരിച്ചടിയാവുന്നു. ചില മുസ്ലിം നേതാക്കളെ കാംമ്പയിന്‍ കെണിയില്‍ കുടുക്കി നാണംകെട്ട ബിജെപി വയനാട്ടില്‍ ജില്ലാ കളക്ടറുടെ ഫോട്ടോ ഉപയോഗിച്ച് വീണ്ടും കുരുക്കിലായി.
വയനാട് കളക്ടര്‍ അഥീല അബ്ദുല്ലയുടെ ഫോട്ടോ ഉപയോഗിച്ചുള്ള പൗരത്വ നിയമ കാംമ്പയിനാണ് ബിജെപിയെ വീണ്ടും നാണം കെടുത്തിയത്. പ്രസിഡന്റ് കെ സദാനന്ദന്റെ നേതൃത്വത്തിലുള്ള ബിജെപി ജില്ലാ നേതാക്കളാണ് കളക്ടറെ കബളിപ്പിച്ച് കാംമ്പയിന്‍ പ്രചാരണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം കലക്ടറേറ്റിലെത്തിയ ബിജെപി സംഘം കളക്ടറെ സന്ദര്‍ശിച്ച് പൗരത്വ നിയമ കാംമ്പയിന്‍ നോട്ടീസ് കൈമാറി. ഒപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ പടമെടുത്തു. വൈകീട്ടോടെ കളക്ടര്‍ അഥീല അബ്ദുല്ലയുടെ ഫോട്ടോ ഉപയോഗിച്ച് ബിജെപി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം ആരംഭിച്ചു.
ജില്ല മജിസ്‌ട്രേറ്റു കൂടിയായ കളക്ടറെ കബളിപ്പിച്ച് പ്രചാരണം ആരംഭിച്ചതോടെ സംഭവം വിവാദമായി. വിവരം കളക്ടര്‍ അറിഞ്ഞു. കളക്ടറെ ഉപയോഗിച്ചുള്ള പ്രചാരണം ഉടന്‍ നിര്‍ത്തണമെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ ബിജെപി ഭാരവാഹികളെ അറിയിച്ചു. അല്ലാത്ത പക്ഷം ശക്തമായ നിയമനടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പു നല്‍കി. ഇതോടെ കളക്ടറുടെ പടം ഉപയോഗിച്ചുള്ള പ്രചാരണം പിന്‍വലിക്കാന്‍ ബിജെപി നേതൃത്വം നിര്‍ബന്ധിതരായി. കളക്ടര്‍ അഥില അബ്ദുല്ല ഇതു സംബന്ധിച്ച് നാളെ വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്.