പനാജി : പൗരത്വ നിയമത്തെ പിന്തുണച്ച് മൂന്ന് മുന്‍ കോണ്‍ഗ്രസുകാര്‍ ബി ജെ പിയില്‍ ചേര്‍ന്നു. മുന്‍ എം എല്‍ എ സിദ്ധാര്‍ത്ഥ് കുങ്കാലിയങ്കര്‍, പനാജി ബി ജെ പി ബ്ലോക്ക് പ്രസിഡന്റ് ശുഭം ചോഡങ്കര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പനാജി എം എല്‍ എ അറ്റനാസിയോ മോണ്‍സെറേറ്റ് മൂവരെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. സി എ എയെ പിന്തുണക്കുന്നതിനാലും പനാജി നഗരത്തിന്റെ വികസനത്തിന് വേണ്ടിയുമാണ് താന്‍ ബി ജെ പിയില്‍ ചേര്‍ന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അമോങ്കര്‍ പറഞ്ഞു.
പൗരത്വ നിയമത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ പൊതുജനങ്ങളെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളെയും മുസ്ലീങ്ങളെയും വഴിതെറ്റിക്കുകയാണെന്നും അവര്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുകയാണെന്നും അമോങ്കര്‍ പറഞ്ഞു. സി എ എയ്ക്ക് ഇന്ത്യന്‍ പൗരന്മാരുമായി യാതൊരു ബന്ധവുമില്ലെന്നും അവര്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും നേരത്തെ സിദ്ധാര്‍ത്ഥ് കുങ്കാലിയങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ ഈ അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി സംരക്ഷണം നല്‍കാനുള്ള ധീരമായ നടപടിയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കുങ്കാലിയങ്കര്‍ പറഞ്ഞു.
ഇന്ത്യന്‍ ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് സി എ എ എന്താണെന്ന് പോലും അറിയാത്തവരെ തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പവും ഭയവും സൃഷ്ടിക്കാനും കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ശ്രമിക്കുന്നുണ്ടെന്ന് ബി ജെ പി നേതാവ് പറഞ്ഞു. നിയമത്തിനെതിരെ രാജ്യത്തുടനീളം വ്യാപകമായ പ്രക്ഷോഭങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഗോവയിലും കോണ്‍ഗ്രസ് സമാനമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പനാജി നഗരത്തിന്റെ വികസനം ഉറപ്പാക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് അറ്റനാസിയോ മോണ്‍സെറേറ്റ് പറഞ്ഞു.