പത്തനംതിട്ട: പുതിയ സെറ്റ്ടോപ്പ് ബോക്സ് വാങ്ങാത്തതിന്റെ പേരിൽ കേബിൾ കണക്ഷൻ വിശ്ചേദിച്ചതിന് റാന്നി കാർത്തിക കമ്മ്യൂണിക്കേഷൻ 30,000 രൂപാ നഷ്ടപരിഹാരം നല്‍കാന്‍ വിധി. റാന്നിയിൽ താമസിക്കുന്ന മറ്റപ്പള്ളി വീട്ടിൽ എം.റ്റി മാത്യു പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതിയില്‍ ഫയൽ ചെയ്ത ഹർജിയിലാണ് വിധി. ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, മെമ്പർമാരായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.
എതിർകക്ഷിയായ കാർത്തിക കമ്മ്യൂണിക്കേഷൻ മാനേജർ അജയൻ റാന്നിയിൽ ഏഷ്യാനെറ്റ് കേബിൾ നെറ്റ് വർക്ക് മുഖാന്തരം വീടുകളിൽ കണക്ഷൻ കൊടുത്തിരുന്നു. എന്നാല്‍ പിന്നീട് ഏഷ്യാനെറ്റുമായുള്ള ബന്ധം ഉപേക്ഷിച്ച് കേരളാ വിഷൻ ചാനലിന്റെ കേബിൾ നെറ്റ് വർക്ക് ഉപയോഗിച്ചുകൊണ്ടുള്ള കണക്ഷന്‍ നല്‍കി. മുൻപ് 1,800 രൂപാ മുടക്കി സെറ്റ് ടോപ്പ് ബോക്സ് വെച്ചിരുന്ന ഉപഭോക്താക്കൾ 2,000 രൂപയുടെ പുതിയ സെറ്റ് ടോപ്പ് ബോക്സ് വെക്കണമെന്ന് അജയൻ ആവശ്യപ്പെട്ടു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് മാത്യു കണ്‍സ്യൂമര്‍ കോടതിയെ സമീപിച്ചത്. കാർത്തിക കമ്മ്യൂണിക്കേഷന്റെ മാനേജർ അജയൻ തന്നെയാണ് 1,800 രൂപാ വാങ്ങിയിട്ട് ഏഷ്യാനെറ്റിന്റെ കേബിൾ കണക്ഷൻ നൽകിയതെന്നും അജയൻ ഏഷ്യാനെറ്റുമായി ഉളള ബന്ധം മനഃപൂർവ്വമായി ഉപേക്ഷിച്ച് കേരളാ വിഷനുമായി പുതിയ ബന്ധം സ്ഥാപിച്ചെങ്കിൽ അതിന്റെ വില ഉപഭോക്താക്കൾ തരണമെന്നു പറയുന്നത് ന്യായമല്ലെന്നും മറ്റപ്പളളിൽ മാത്യു വാദിച്ചു.
പുതിയ ബോക്സിന് 2,000 രൂപാ നൽകാത്തതിന്റെ പേരിൽ കേബിൾ കണക്ഷൻ എതിർകക്ഷി വിച്ഛേദിക്കുകയുണ്ടായി. ഈ പ്രവൃത്തി കാരണം ഹർജികക്ഷിക്ക് ടി.വി. ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി. ഹർജികക്ഷിയുടെ അന്യായം ഫയലിൽ സ്വീകരിച്ച കമ്മീഷൻ എതിർകക്ഷിക്ക് നോട്ടീസ് അയയ്ക്കുകയും എതിർകക്ഷി കോടതിയിൽ ഹാജരാകുകയും ചെയ്തു. രണ്ട് കൂട്ടരുടേയും വാദങ്ങളും തെളിവുകളും കേട്ട് കോടതി ഹർജികക്ഷിയുടെ ഭാഗം ന്യായമാണെന്നു കണ്ടെത്തുകയും രണ്ടാഴ്ച്ചക്കകം കേബിൾ കണക്ഷൻ പുന:സ്ഥാപിക്കണമെന്നും നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചിലവിലേക്ക് 5,000 രൂപയും എതിർകക്ഷി ഹർജികക്ഷിക്ക് നൽകണമെന്നും വിധിക്കുകയായിരുന്നു.