പത്തനംതിട്ട : പത്തനംതിട്ട നഗരപരിധിയിലെ ഇലക്ട്രിക് പോസ്റ്റുകളില്‍ അപകടകരമായ അവസ്ഥയിലുള്ളതും പ്രവര്‍ത്തനരഹിതമായ വയറുകളും കേബിളുകളും അടിയന്തിരമായി നീക്കം ചെയ്യണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട യൂണിറ്റ് പ്രസിഡന്റ് അബു നവാസ് ആവശ്യപ്പെട്ടു. പല സ്ഥലങ്ങളിലും റോഡിലേക്ക് താഴ്ന്നുകിടക്കുന്ന കേബിളുകള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകുന്നുണ്ട്. പലയിടത്തും ഉപയോഗശൂന്യമായ നിരവധി കേബിളുകൾ ഒരുമിച്ച് കെട്ടിക്കിടക്കുന്നതിനാൽ പൊതുജനങ്ങൾക്കും വാഹന യാത്രക്കാർക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്.
നഗരത്തിലെത്തുന്നവര്‍ കേബിളുകളില്‍ തട്ടിവീഴുന്ന സംഭവങ്ങൾ പതിവാണ്. ഇത്തരം കേബിളുകള്‍ വ്യാപാരസ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. നഗരത്തില്‍ പലയിടത്തും ഇലക്ട്രിക് പോസ്റ്റുകൾ വളരെയധികം ചെരിഞ്ഞാണ് നിൽക്കുന്നത്. തിരക്കേറിയ നഗരത്തില്‍ അപകടകരമായി കിടക്കുന്ന ഇത്തരം കേബിളുകള്‍ നഗരത്തിന്റെ സൗന്ദര്യത്തെ പോലും ബാധിക്കുന്നു. ഇലക്ട്രിക്കൽ കേബിളുകൾ കെ.എസ്.ഇ.ബി.യും മറ്റ് കേബിളുകൾ ബന്ധപ്പെട്ട കമ്പനികളും നീക്കം ചെയ്യുന്നതിനും ഉപയോഗത്തിലുള്ള കേബിളുകൾ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് ക്രമമായി വലിച്ചു കെട്ടുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട യൂണിറ്റ് ആവശ്യപ്പെട്ടു.




























