കറാച്ചി: പാകിസ്ഥാൻ വ്യോമപാത അടച്ചതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കായി ബദല്‍ മാര്‍ഗങ്ങള്‍ തേടി കേന്ദ്ര സര്‍ക്കാര്‍. ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയ്ക്ക് മുകളിലൂടെയുള്ള വ്യോമപാത ഉപയോഗിക്കാന്‍ അനുമതി തേടി ഇന്ത്യ ചൈനയുമായി ചര്‍ച്ച ആരംഭിച്ചു. ഇതിന് പുറമേ ഭൂട്ടാന് മുകളിലൂടെയുള്ള വ്യോമപാതയുടെ സാധ്യതകളും ഇന്ത്യ പരിശോധിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയമാണ് ചൈനീസ് അധികൃതരുമായി നയതന്ത്രതല ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
2025 ഏപ്രിലില്‍ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെയും തുടര്‍ന്നുണ്ടായ സൈനിക ഏറ്റുമുട്ടലുകളെയും തുടര്‍ന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാൻ തങ്ങളുടെ വ്യോമപാത വിലക്കിയിരുന്നു. രണ്ടാഴ്ച മുമ്പ് ഈ വിലക്ക് ഒരു മാസത്തേക്ക് കൂടി പാകിസ്താന്‍ നീട്ടുകയും ചെയ്തു. പാക് വ്യോമപാത അടഞ്ഞുകിടക്കുന്നത് വിമാന സര്‍വീസുകളുടെ സമയത്തെയും ചെലവിനെയും ബാധിച്ച സാഹചര്യത്തിലാണ് പുതിയ പാതകള്‍ കണ്ടെത്താന്‍ ഇന്ത്യ ശ്രമിക്കുന്നത്.




























