കാലിഫോർണിയ : സിലിക്കൺ വാലിയെയും പ്രവാസി മലയാളി സമൂഹത്തെയും ഒന്നടങ്കം ഞെട്ടിച്ച ക്രൂരമായ ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ 32 വയസ്സുകാരി അനില ബേബിക്കെതിരെ സാന്താക്ലാര കൗണ്ടി സുപ്പീരിയർ കോടതിയിൽ (ഡിപ്പാർട്ട്മെന്റ് 23) ഔദ്യോഗികമായി ഇന്ന് കുറ്റപത്രം സമർപ്പിച്ചു. 2026 ആഗസ്റ്റ് 28-ന് കലിഫോർണിയയിലെ സാനോസെ, മിൽപിറ്റാസ് എന്നീ രണ്ട് നഗരങ്ങളിലായി ഒന്നര മണിക്കൂറിന്റെ ഇടവേളയിൽ രണ്ട് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയതിനാണ് അനിലയ്ക്കെതിരെ കലിഫോർണിയ പീനൽ കോഡ് 187(a) പ്രകാരം രണ്ട് കൊലക്കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. കൊലപാതകങ്ങളിൽ ഒന്നിൽ മാരകായുധമായ കത്തി ഉപയോഗിച്ചും, മറ്റൊന്നിൽ മാരകായുധമായി സ്വന്തം വാഹനം ടൊയോട്ട എസ്‌യുവി ഉപയോഗിച്ചുമാണ് കൊല ചെയ്യപ്പെട്ടത്.
അങ്ങേയറ്റം ക്രൂരവും ആസൂത്രിതവുമായ രീതിയിലാണ് കുറ്റകൃത്യങ്ങൾ നടപ്പാക്കിയതെന്നും പ്രോസിക്യൂഷന്റെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. പോലീസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം സംഭവങ്ങളുടെ തുടക്കം ആഗസ്റ്റ് 28 രാവിലെ സാൻ ജോസിലെ ലിൻഡ വിസ്ത സ്ട്രീറ്റിലുള്ള ഒരു വീട്ടിലായിരുന്നു. രാവിലെ ഏകദേശം 10:37-ഓടെ അപ്രതീക്ഷിതമായി എത്തിയ സന്ദർശകയെ കണ്ടതായി സാക്ഷിമൊഴിയുണ്ട്. ഫോൺ ലൊക്കേഷൻ വിവരങ്ങളും ഫ്ലോക്ക് ക്യാമറകളും അനിലയുടെ നീല ടൊയോട്ട ഹൈലാൻഡർ എസ്‌യുവി ഈ സമയത്ത് വീടിന്റെ പരിസരത്തുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. അന്വേഷണത്തിൽ അനിലയ്ക്കെതിരെ അവിശ്വസനീയമായ ശാസ്ത്രീയ തെളിവുകളാണ് പോലീസ് കണ്ടെത്തിയത്. സാൻ ഹൊസെയിലെ കൊല്ലപ്പെട്ട സ്ത്രീയുടെ കാണാതായ മൊബൈൽ ഫോൺ അനിലയുടെ കാറിനുള്ളിൽ നിന്ന് കണ്ടെടുത്തു.
കൊലപാതകം നടന്ന വീട്ടിലെ ഡിലീറ്റ് ചെയ്യപ്പെട്ട സിസിടിവിയിൽ പതിഞ്ഞ ചെരിപ്പുകൾ തന്നെയാണ് അറസ്റ്റ് ചെയ്യപ്പെടുമ്പോൾ അനില ധരിച്ചിരുന്നത്. കൂടാതെ, അനിലയുടെ പാന്റിലെ രക്തക്കറ പരിശോധിച്ച ക്രൈം ലാബ് സംഘം, അത് സാൻ ഹൊസെയിലെ കൊല്ലപ്പെട്ട സ്ത്രീയുടേതുമായി കൃത്യമായി ഒത്തുപോകുന്നതാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. കോടതിയിൽ താൻ നിരപരാധിയാണെന്ന് അനില വാദിക്കുമ്പോൾ, ലോസ് ബാനോസിൽ നിന്നുള്ള അറ്റോർണി ഷോൺ മാത്യു ജോർജാണ് കോടതിയിൽ അനില ബേബിയെ പ്രതിനിധീകരിക്കുന്നത്. കേസിൽ അനിലയുടെ അടുത്ത കോടതി തീയതി നവംബർ 17-ന് നിശ്ചയിച്ചിട്ടുണ്ട്. പ്രതിക്ക് ജാമ്യം അനുവദിക്കാൻ സാധിക്കാത്ത ഗുരുതര വകുപ്പുകൾ പ്രകാരം അനില ബേബി ഇപ്പോൾ സാന്താക്ലാര കൗണ്ടി മെയിൻ ജയിലിൽ തുടരുകയാണ്.
































