ട്വിറ്ററിലെ(X) ഏതെങ്കിലും സുഹൃത്തിനെ വിളിക്കണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ. മുൻപായിരുന്നെങ്കിൽ അങ്ങനെ തോന്നിയിട്ടും കാര്യമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ഇനി അങ്ങനെയല്ല. വിളിക്കാൻ തോന്നിയാൽ അപ്പോൾത്തന്നെ വിളിക്കണം. അതിനായി അവരുടെ നമ്പർ പോലും അന്വേഷിച്ച് കഷ്ടപ്പെടേണ്ടതില്ല. കാരണം യൂസേഴ്സിനായി ഓഡിയോ, വീഡിയോ കോളുകൾക്കായി പുതിയ സൗകര്യം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ട്വിറ്റർ. കമ്പനി വീഡിയോ, ഓഡിയോ കോളുകൾ ആരംഭിക്കാൻ പോകുന്ന വിവരം എക്സ് (പഴയ ട്വിറ്റർ) ഉടമയായ ഇലോൺ മസ്ക് തന്നെയാണ് ട്വീറ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ആരെയെങ്കിലും വിളിക്കണമെങ്കിൽ ഇനി ഫോൺ നമ്പരൊന്നും ആവശ്യമില്ലെന്നും ട്വിറ്ററിൽ തന്നെ ഓഡിയോ, വീഡിയോ കോൾ സൗകര്യം ഉണ്ടാകുമെന്നും മസ്ക് പറയുന്നു.
എക്സ് എന്നതിനെ ഒരു ആഗോള സൂപ്പർ ബ്രാൻഡ് ആക്കാനുള്ള നീക്കത്തിലാണ് മസ്ക്. അതിന്റെ ഭാഗമായാണ് ട്വിറ്ററിനെ എക്സ് എന്ന് റീബ്രാൻഡ് ചെയ്ത് ലോഗോ അടക്കം മാറ്റിയത്. പുതിയ നിരവധി പരീക്ഷണങ്ങൾ എക്സിൽ നടത്താൻ മസ്ക് ലക്ഷ്യമിടുന്നു. അത്തരത്തിലൊരു നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോൾ ഓഡിയോ, വീഡിയോ കോളിങ് സൗകര്യം ട്വിറ്ററിൽ അവതരിപ്പിക്കുന്നത്. കുറച്ചു നാൾ മുമ്പ് ദൈർഘ്യമുള്ള വീഡിയോകളും അപ് ലോഡ് ചെയ്യാനുള്ള സൗകര്യമടക്കം ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടതും മസ്കിന്റെ പരിഷ്കരണ നീക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന കോളിങ് സൗകര്യം എന്ന് മുതലാണ് എക്സിൽ ലഭ്യമാകുക എന്ന് മസ്ക് വ്യക്തമാക്കിയിട്ടില്ല. എന്നാൽ ആൻഡ്രോയിഡ്, ഐഒഎസ്, മാക്, പിസി എന്നിവയിൽ ഈ പുതിയ ഫീച്ചർ ലഭ്യമാകും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ ഫീച്ചറിനെ സംബന്ധിച്ച് നിരവധി ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. കോളിങ് ഫീച്ചർ ബ്ലൂ സബ്‌സ്‌ക്രൈബർമാർക്ക് മാത്രമാണോ ലഭ്യമാവുക എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. ചാറ്റ്, കോളുകൾ, ബാങ്കിംഗ്, പേമെന്റ് സേവനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്ന ഒരു സമ്പൂർണ്ണ ആപ്പ് ആക്കി എക്സിനെ മാറ്റുമെന്നാണ് മസ്ക് പ്രഖ്യാപിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായാണ് വാട്സ്ആപ്പ്, മെസഞ്ചർ പോലുള്ള പ്ലാറ്റ് ഫോം മുകളിലേതിന് സമാനമായ ഫീച്ചറുകൾ എക്സിലും കൊണ്ടുവരുന്നത്. പുതിയ ഫീച്ചർ വരുമ്പോൾ ആരെയെങ്കിലും വിളിക്കാൻ ഉപയോക്താക്കൾ കോണ്ടാക്ട്സ് തിരയേണ്ടതില്ലെന്നും എക്സ് ആണ് ഏറ്റവും ഫലപ്രദമായ ആഗോള അഡ്രസ് എന്നും മസ്ക് പറയുന്നു. അതുല്യമായ ഘടകങ്ങളുടെ കൂട്ടമാണ് എക്സ് എന്നും മസ്ക് പറയുന്നു. അതുല്യം എന്നാണ് കോളിങ് ഫീച്ചറിന്റെ വരവിനെ മസ്ക് വിശേഷിപ്പിക്കുന്നത്. എക്സിലെ പുതിയ ഡിഎം മെനുവിന്റെ രൂപകല്പന ഫെയ്സ്ബുക്ക് മെസഞ്ചർ, വാട്‌സ്ആപ്പ് പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളുടേതിന് സമാനമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ ഓഡിയോ, വീഡിയോ കോളിംഗ് ഫീച്ചറുകൾ വരും ആഴ്ചകളിൽ എല്ലാ എക്സ് ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.