റാന്നി : ഭിന്നശേഷി മേഖലയിലുള്ള 21 വിഭാഗങ്ങളിൽപ്പെട്ട കുട്ടികളെ അവരുടെ പരിമിതികളും കഴിവുകളും തിരിച്ചറിഞ്ഞ് പിന്തുണ സംവിധാനങ്ങളിലൂടെ മുഖ്യധാരയിൽ കൊണ്ടുവരാൻ സമഗ്ര ശിക്ഷ കേരളത്തിന്‍റെ ഇടപെടലുകൾ. ഇതിനായി സഹവാസ ക്യാമ്പിന് തുടക്കമായി. ഈ വിഭാഗങ്ങളിൽ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നത് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്യുന്ന കിടപ്പിലായ കുട്ടികളാണ്.
ഇത്തരം കുട്ടികൾക്ക് ബാഹ്യലോകവുമായി ഇടപെടാനുള്ള സാഹചര്യം സഹവാസ ക്യാമ്പിലൂടെ ആണ് നൽകി വരുന്നത്. കോവിഡ് കുറഞ്ഞ സാഹചര്യത്തിൽ റാന്നി ബി ആർ സി ‘സ്നേഹതീരം’ദ്വിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിൽ നാടകകളരി, നിറക്കൂട്ട്,കരവിരുത് എന്നീ പേരുകളുള്ള മൂന്ന് മൂലകളിലായി വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് കുട്ടികൾക്ക് നൽകി വരുന്നത്. ബി ആർ സി യിലെ സ്പെഷ്യൽ എഡ്യൂക്കേട്ടേഴ്‌സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. പരിപാടിയുടെ ഭാഗമായി സാംസ്കാരിക കലാപരിപാടികളും ക്യാമ്പ് ഫയറും നടക്കും.
പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ ജോൺ എബ്രഹാം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഴവങ്ങാടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീമ മാത്യു അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാതാരം അഭിഷേക് രവീന്ദ്രൻ വിശിഷ്ടാതിഥിയായെത്തിയത് കുട്ടികൾക്ക് നവ്യാനുഭവമായി. വാർഡ് അംഗം ബിനിറ്റ് മാത്യു, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോക്ടർ ഡോക്ടർ ലിജു പി. തോമസ്, പഴവങ്ങാടി ഗവൺമെന്റ് യുപി സ്കൂൾ സ്റ്റാഫ് സെക്രട്ടറി ഷിബി സൈമൺ, ചേത്തയ്ക്കൽ എം സി യുപി സ്കൂൾ അധ്യാപകൻ ബിനു കെ സാം,ബി പി സി ഷാജി എ സലാം, സോണിയ മോൾ ജോസഫ്, മേരിക്കുട്ടി എസ്. കുര്യൻ, സി ആർ സി കോഡിനേറ്റർ ബീനാമ്മ കോശി എന്നിവർ പ്രസംഗിച്ചു.