ആലപ്പുഴ : മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായ ആലപ്പുഴ ജില്ലയിലെ ആദ്യ മണ്ഡലമാണ് അരൂര്‍. ഉപതെരഞ്ഞെടുപ്പില്‍ നഷ്ടമായ സീറ്റ് തിരികെ പിടിക്കാനാണ് ഇത്തവണ എല്‍ഡിഎഫ് ലക്ഷ്യമിടുന്നതെങ്കില്‍ സീറ്റ് നിലനിര്‍ത്താനാണ് യുഡിഎഫ് ശ്രമം. തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ രംഗത്ത് സജീവമായിക്കഴിഞ്ഞു.
കോണ്‍ഗ്രസില്‍ നിന്നുള്ള സിറ്റിംഗ് എംഎല്‍എമാര്‍ വീണ്ടും ജനവിധി തേടുമെന്ന നേതൃത്വത്തിന്റെ തീരുമാനം വന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് ഗോദയില്‍ സജീവമാണ് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍. ഇടത് കോട്ടയായിരുന്ന അരൂര്‍ മണ്ഡലം 2019 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് യുഡിഎഫ് പിടിച്ചെടുത്തത്.
കൈപ്പത്തി ചിഹ്നത്തില്‍ ഒരു യുഡിഎഫ് സ്ഥാനാര്‍ത്ഥി അരൂരില്‍ വിജയം നേടിയെന്ന പ്രത്യേകതയും ഷാനിമോളുടെ ജയത്തിനുണ്ട്. അത് കൊണ്ട് തന്നെ ഇത്തവണയും സീറ്റ് നിലനിര്‍ത്തുകയെന്നതാണ് യു ഡി എഫ് ലക്ഷ്യം. അതേസമയം രണ്ട് തവണ ജില്ലാ പഞ്ചായത്തിലേക്ക് അരൂര്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച ദലീമ ജോജോയിലൂടെ നഷ്ടമായ സീറ്റ് തിരികെപ്പിടിക്കാന്‍ കഴിയുമെന്നാണ് ഇടത് ക്യാമ്പിലെ പ്രതീക്ഷ.
ഔദ്യോഗിക പ്രഖ്യാപനം വന്നതിന് ശേഷം മണ്ഡലത്തില്‍ സജീവ പ്രവര്‍ത്തനത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി. എന്‍ഡിഎയില്‍ ബിഡിജെഎസ് സീറ്റായ അരൂരില്‍ 2016 ല്‍ മത്സരിച്ച അനിയപ്പന്‍ തന്നെയാണ് ഇത്തവണയും സ്ഥാനാര്‍ത്ഥി. മൂന്ന് മുന്നണികളും അരൂര്‍ മണ്ഡലത്തിന്റെ കാര്യത്തില്‍ ഒരു പോലെ ആത്മവിശ്വാസത്തിലാണ്.