മാവേലിക്കര : ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തിയ യുവാവ് അറസ്റ്റില്‍. കൊയ്‌പ്പള്ളി കാരാണ മാടമ്പത്ത് പ്രദീപ് നന്ദനന്‍ (35) ആണ് മൂന്നര കിലോ കഞ്ചാവുമായി അറസ്റ്റിലായത്. പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ ഓട്ടോയില്‍ നിന്നും കഞ്ചാവ് കണ്ടെത്തുക ആയിരുന്നു. തൃശൂര്‍ കൊടകര പേരാമ്പ്ര സ്വദേശിയായ ഇയാള്‍ ഒമ്പത് വര്‍ഷമായി കൊയ്‌പ്പള്ളി കാരാണയിലാണ് താമസം. കഴിഞ്ഞ ദിവസം വൈകിട്ടു കഞ്ചാവു പൊതിയുമായി 21 വയസ്സുകാരനെ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍, ഓട്ടോറിക്ഷയില്‍ ലോട്ടറി വില്‍പനയ്ക്ക് എത്തുന്ന അംഗപരിമിതനായ ആളാണു കഞ്ചാവ് നല്‍കിയതെന്നു സൂചന ലഭിച്ചു.
ചെങ്ങന്നൂര്‍ ഡിവൈഎസ്‌പി ഡോ.ആര്‍.ജോസിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തവേ പുന്നമ്മൂടിനു തെക്ക് ബവ്‌കോ ഔട്ലെറ്റിനു സമീപത്തുകൂടി ഓട്ടോയിലെത്തിയ പ്രദീപ് നന്ദനനെ സിഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്‌ഐമാരായ എ.ഇ.സിയാദ്, ആര്‍.ആനന്ദകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ ആര്‍.രാജേഷ്‌കുമാര്‍, സിവില്‍ പോലീസ് ഓഫിസര്‍മാരായ വി.വി ഗിരീഷ്ലാല്‍, എസ്.സജുകുമാര്‍, പി.ജയപ്രസാദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. തൃശൂര്‍ കൊരട്ടി, ചാലക്കുടി പോലീസ് സ്റ്റേഷനുകളില്‍ മോഷണക്കേസുകളില്‍ പ്രതിയായ പ്രദീപ് തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നു കഞ്ചാവെത്തിച്ചു ചില്ലറ വില്‍പന നടത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു.