മലപ്പുറം: മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട. വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 20.5 കിലോഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. ചെമ്മങ്കടവ് താമരകുഴിയിലാണ് സംഭവം. മലപ്പുറം ഈസ്റ്റ് കോഡൂര്‍ സ്വദേശി പാലോളി ഇബ്രാഹിം (49), മലപ്പുറം കുണ്ടുവായ പള്ളിയാളി സ്വദേശി അണ്ണoക്കോട്ടില്‍ വീട്ടില്‍ ശ്രീയേഷ് (36), മലപ്പുറം താമരക്കുഴി സ്വദേശി സിയോണ്‍ വില്ല വീട്ടില്‍ ബ്രിജേഷ് ആന്റണി ഡിക്രൂസ് (41) എന്നിവരാണ് പിടിയിലായത്. താമരക്കുഴിയിലുള്ള പ്രതി ബ്രിജേഷ് ആന്റണിയുടെ വീട്ടിലാണ് പരിശോധന നടത്തിയത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വീട് വളഞ്ഞ് പോലീസ് നടത്തിയ റെയിഡിലാണ് വലിയ അളവില്‍ കഞ്ചാവ് കണ്ടെത്തിയത്. ആന്ധ്രപ്രദേശില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം എത്തിച്ച കഞ്ചാവാണ് വീട്ടില്‍ നിന്ന് കണ്ടെടുത്തത്. ഇവ ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പ്പന നടത്തുന്നതിനായി ചെറിയ പാക്കറ്റുകളിലാക്കുന്നതിനിടെയാണ് പ്രതികള്‍ പോലീസിന്റെ പിടിയിലാകുന്നത്. ഒന്നാം പ്രതിയായ പാലോളി ഇബ്രാഹിം നേരത്തെ വധശ്രമം, ലഹരിക്കടത്ത്, അടിപിടി തുടങ്ങി പതിനഞ്ചോളം കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.