കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 43 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ഗോ എയര്‍ വിമാനം വഴി ദുബായില്‍ നിന്നെത്തിയ വടകര സ്വദേശി സിദ്ദിഖില്‍ നിന്നാണ് 1038 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്. സ്വര്‍ണ്ണം അനധികൃതമായി സോക്സില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. സംശയം തോന്നിയതിനാല്‍ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് സിദ്ദിഖ് പിടിയിലായത്.
കണ്ണൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ് വിദഗ്ദ്ധമായി കള്ളക്കടത്ത് തടഞ്ഞത്. കസ്റ്റംസ് കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ രാജു എന്‍, വിപി ബേബി, നന്ദകുമാര്‍ എസ് ഉദ്യോഗസ്ഥരായ പ്രകാശന്‍ വി, ദിലീപ് കൗശാല്‍, ഹബീബ് കെ , മനോജ് യാദവ്, പ്രിയങ്ക പുഷ്പാദ്, തോമസ് സേവ്യര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കണ്ണൂര്‍ വിമാനത്താവളം വഴി വ്യാപകമായി സ്വര്‍ണം കടത്താനുള്ള ശ്രമം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കസ്റ്റംസ് സംഘം അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.