മധുര: കാറോടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതംമൂലം മരിച്ചു. നിയന്ത്രണംവിട്ട കാര്‍ എതിരെവന്ന സ്കൂട്ടറിലിടിച്ച് ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. മധുര സിക്കന്തര്‍ സ്വദേശി സെന്തില്‍കുമാറാണ് (45) കാറോടിക്കവേ ഹൃദയാഘാതം മൂലം മരിച്ചത്. സ്കൂട്ടറോടിച്ചിരുന്ന ആണയൂര്‍ സ്വദേശി ശങ്കര്‍ (47) മരിച്ചു. ഇയാളുടെ ഭാര്യ നാഗലക്ഷ്മിക്ക് ഗുരുതര പരിക്കേറ്റു.
ഗ്യാസ് ഏജന്‍സി നടത്തുന്ന സെന്തില്‍കുമാര്‍ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ചാവടിയില്‍നിന്നും മധുര ഫാത്തിമകോളജ് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് നെഞ്ചുവേദനയുണ്ടായത്. കാര്‍ നിയന്ത്രണമില്ലാതെ മധുര കൂടല്‍ നഗര്‍ ഭാഗത്തുള്ള പാലത്തിന് മുകളിലൂടെ ഓടിക്കൊണ്ടിരുന്നു. ഈ സമയം എതിരെവന്ന ഒന്നിലധികം വാഹനങ്ങളിലിടിച്ചു. സിനിമാ തിയേറ്റര്‍ തൊഴിലാളിയായ ശങ്കര്‍ ഓടിച്ച സ്കൂട്ടറിലിടിച്ചശേഷം ഏറെദൂരം മുന്നോട്ട് കൊണ്ടുപോയി പാലത്തിന്റെ ഇറക്കത്തിലുള്ള തൂണില്‍ ഇടിച്ചശേഷമാണ് നിന്നത്.