ചിങ്ങവനം : ഗോമതിക്കവലയില്‍ കാര്‍ മീന്‍കടയിലേയ്ക്ക് ഇടിച്ചു കയറി ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. മീന്‍കടയിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട കാര്‍ മീന്‍കടയും, സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന പെട്ടിയോട്ടിറക്ഷയും ഇടിച്ചു തകര്‍ത്തു. അപകടത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ എട്ടുമണിയോടെ എം.സി റോഡില്‍ ചിങ്ങവനം ഗോമതിക്കവലയിലായിരുന്നു അപകടം നടന്നത്. ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ കാര്‍ അമിത വേഗത്തിലെത്തി ചിങ്ങവനം ഗോമതിക്കവലയിലെ മീന്‍കടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
മീന്‍കടയ്ക്കുള്ളില്‍ ജോലി ചെയ്യുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളി കാറിനും കടയ്ക്കുമിടയില്‍ കുടുങ്ങി. നാട്ടുകാരും പോലീസും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കാറിനടിയില്‍ നിന്നും പുറത്തെടുത്തു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ അരമണിക്കൂറോളം ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ചിങ്ങവനം പോലീസ് കേസെടുത്തു.