ന്യൂഡല്‍ഹി : ഡിവൈഡറില്‍ തട്ടി മൂന്ന് വട്ടം തലകീഴായി മറിഞ്ഞ കാറിലുണ്ടായിരുന്ന 11കാരന് ദാരുണാന്ത്യം. അപകടത്തിന്റെ ആഘാതത്തില്‍ വാഹനത്തില്‍ പിതാവിനൊപ്പം ഇരിക്കുകയായിരുന്ന കുട്ടിയുടെ തല അറ്റു.
അതിവേഗതയിലായിരുന്നു വാഹനം. ന്യൂഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ 22ല്‍ വെച്ചാണ് അപകടമുണ്ടായത്. അപകടം നടക്കുന്ന സമയം അമ്മയും മുത്തശ്ശിയും, ആറ് വയസുകാരിയായ സഹോദരിയും കാറിലുണ്ടായിരുന്നു. ഇവര്‍ മൂന്ന് പേര്‍ പിന്നിലത്തെ സീറ്റിലാണ് ഇരുന്നിരുന്നത്.
സ്വിഫ്റ്റ് ഡിസൈയര്‍ കാറിലാണ് ഇവര്‍ സഞ്ചരിച്ചത്. ബന്ധുവീട്ടില്‍ നിന്ന് മടങ്ങുകയായിരുന്നു ഇവര്‍. കുട്ടിയുടെ അച്ഛനാണ് വാഹനം ഓടിച്ചത്. കാറിന്റെ വിന്‍ഡോയിലൂടെ കുട്ടിയുടെ തല തെറിച്ച് റോഡില്‍ വീണതായി അപകടത്തിന് ദൃക്‌സാക്ഷിയായവര്‍ പറയുന്നു. റോഡിലേക്ക് തെറിച്ച് വീഴുന്നത് കണ്ട് ഒരുനിമിഷം എന്ത് ചെയ്യണം എന്നറിയാതെ നിന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വലിയ ശബ്ദത്തോടെയാണ് വാഹനം ഇടിച്ചതും മറിഞ്ഞതും. അമിതവേഗതയില്‍ ഇടിച്ചതിന്റെ ആഘാതവും, കുട്ടി വിന്‍ഡോയോട് ചേര്‍ന്ന് ഇരുന്നതുമാണ് ദയനീയ സംഭവത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.