ലഖ്നൗ : വ്യാജ രേഖകള്‍ ഉപയോഗിച്ച് ജോലിയില്‍ പ്രവേശിച്ച എസ് ഐക്കെതിരെ കേസ്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ വിധേഷ് കുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. 10 വര്‍ഷമായി സര്‍വീസില്‍ തുടരുന്ന ഇയാള്‍ ബുധാന പോലീസ് സ്റ്റേഷനിലായിരുന്നു ജോലി ചെയ്തിരുന്നത്.
എസ് സി എസ് ടി വിഭാഗക്കാരനാണെന്ന് കാണിച്ചാണ് വിധേഷ് ജോലിയില്‍ പ്രവേശിച്ചതെന്നും ഇദ്ദേഹം പിന്നോക്ക വിഭാഗക്കാരനാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വീസില്‍ കേറാനായി ഇയാള്‍ തന്റെ സ്വദേശവും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിധേഷ് യഥാര്‍ത്ഥത്തില്‍ അലിഗാര്‍ഹ് സ്വദേശിയാണെന്ന് പരാതിയില്‍ പറയുന്നു. അന്വേഷണത്തില്‍ പരാതിയിലെ ആരോപണങ്ങള്‍ സത്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എസ് ഐയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.