തൃശൂര്‍: കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളിലൊരാള്‍ പിടിയില്‍. പട്ടിമറ്റം സ്വദേശി വിനയനാണ് പിടിയിലായത്. ആനക്കൊമ്പ് വില്‍ക്കാന്‍ കൊണ്ടു പോയ അഖിലിന്റ സംഘത്തിലെ അംഗമാണ് വിനയന്‍. അഖിലിനെ നേരത്തെ തന്നെ പിടികൂടിയിരുന്നു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നു വനം വകുപ്പ് കോടതിയില്‍ വ്യക്തമാക്കി. പിന്നാലെയാണ് അഖിലിനു ശേഷം മറ്റൊരാള്‍ കൂടി കസ്റ്റഡിയിലായത്.
ജൂണ്‍ 16നാണ് വിനയനുള്‍പ്പെട്ട സംഘം അനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിച്ചത്. ജൂണ്‍ 15നു ആനയെ കൊന്നു കുഴിച്ചു മൂടുന്നതിനിടെ ഒന്നാം പ്രതി വാഴക്കോട് റോയ് അറിയാതെ ആനക്കൊമ്പ് മുറിച്ചെടുത്തു റബര്‍ തോട്ടത്തില്‍ ഒളിപ്പിച്ചു വച്ചിരുന്നു. പിറ്റേ ദിവസം അഖിലിനൊപ്പമെത്തി വിനയന്‍ കൊമ്പ് കാറില്‍ കയറ്റി കൊണ്ടു പോയി. ചേലക്കര മുള്ളൂര്‍ക്കര വാഴക്കോട് റോയ് എന്നയാളുടെ റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. റോയ് ഒളിവിലാണെന്നു മച്ചാട് റേഞ്ച് ഓഫീസര്‍ അറിയിച്ചിരുന്നു. റോയിയുടെ പറമ്പില്‍ ആനയുടെ ജഡം കുഴിച്ചുമൂടി എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചത്.