അമ്പലപ്പുഴ :കടംകൊടുത്ത പണം തിരികെ ചോദിച്ചതിന് സഹോദരിയെയും ഭര്‍ത്താവിനെയും യുവാവ് ആക്രമിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ചില്ലാമഠം വീട്ടില്‍ സന്ധ്യ (43), ഭര്‍ത്താവ് രാജശേഖരന് (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സന്ധ്യയുടെ സഹോദരന് എടത്വ കെ.എസ്.ആര്.ടി.സി ഡിപ്പോ ഡ്രൈവര്‍ ബി. ബൈജുവിനെതിരെ (39) പുന്നപ്ര പോലീസ് കേസെടുത്തു.
ബൈജുവിന്റെ വീട് നിര്‍മാണത്തിന് സഹോദരിയുടെ ഭര്‍ത്താവ് രാജശേഖരന് പണം കടം കൊടുത്തിരുന്നു. വിദേശത്ത് ജോലിയുണ്ടായിരുന്ന രാജശേഖരന് കൊറോണ രോഗവ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു. നാട്ടിലെത്തിയ രാജശേഖരന് കച്ചവടം തുടങ്ങുന്നതിന് പണം തിരികെ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ബൈജു മരത്തടികൊണ്ട് രാജശേഖരന്റെ തലക്കടിച്ചു.ഇതുകണ്ട് ഓടിയെത്തിയ സന്ധ്യയെയും ആക്രമിച്ചു. പരിക്കേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.