പെരുമ്പാവൂര്‍ : കാട്ടുപന്നിയെ പിടിക്കാന്‍ വെച്ച പന്നിപ്പടക്കം കടിച്ച പശുവിന് ദാരുണാന്ത്യം. മേക്കപ്പാല വാവലുപാറ സ്വദേശി ബേബിയുടെ പശുവാണ് പടക്കം കടിച്ച് ഇഞ്ചിഞ്ചായി മരണത്തിന് കീഴടങ്ങിയത്. വേങ്ങൂര്‍ കോഴിക്കോട്ടുകുളങ്ങര സ്വദേശിയാണ് പന്നിയെ പിടിക്കാന്‍ പടക്കം വെച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ബേബിക്ക് മൂന്ന് പശുക്കളുണ്ടായിരുന്നു. ഇതില്‍ മേയാന്‍ വിട്ട പശുവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. അബദ്ധത്തില്‍ പശു സ്‌ഫോടകവസ്തു കടിക്കുകയും താടിയെല്ല് തകര്‍ന്ന് മാംസം വിട്ടുതൂങ്ങി രക്തം വാര്‍ന്ന് ചാവുകയുമായിരുന്നു.
പശുവിന് അപകടം പറ്റിയതറിഞ്ഞ് സ്‌ഫോടകവസ്തു വെച്ചവര്‍ ബേബിയുടെ വീട്ടിലെത്തി 27,000 രൂപക്ക് പശുവിനെ വാങ്ങി കേസ് കൊടുക്കുന്നത് തടഞ്ഞു. പശുവിനെ അറുക്കാന്‍ കൊണ്ടുപോകാന്‍ തയാറെടുക്കുന്നതിനിടെ മൂവാറ്റുപുഴ ദയ ഫൗണ്ടേഷന്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ പശു മരണത്തിന് കീഴടങ്ങുകയായിരുന്നു. ഉടമസ്ഥന് പരാതി ഇല്ലാത്തതുകൊണ്ട് പോലീസ് കേസെടുത്തിട്ടില്ല.