റാന്നി : പമ്പാ നദിയിലെ കുരുമ്പൻ മൂഴി കോസ് വെ വെള്ളത്തിലായിട്ട് ഒരാഴ്ച കഴിയുന്നു. കഴിഞ്ഞ ശനിയാഴ്ചത്തെ മഴ കെടുതിയെത്തുടർന്ന് ഏഴു ദിവസമായി പെരുന്തേനരുവിക്കക്കരെയുള്ള 300 ലേറെ കുടുംബങ്ങൾ ബാഹ്യലോകവുമായി ഒറ്റപ്പെട്ടു കഴിയുകയാണ്. പെരുന്തേനരുവി വൈദ്യുത പദ്ധതിയുടെ മിനി ഡാം നിറഞ്ഞതോടെയാണ് ഈ പ്രദേശത്തെ ഏക ആശ്രയമായ കോസ് വെ മൂടിയത്.
ഓരോ തവണയും വെള്ളം ഉയരുമ്പോൾ എത്താറുള്ള ജന പ്രതിനിധികളോ ഉദ്യോഗസ്ഥരോ ഇക്കുറി എത്തുകയോ തങ്ങളുടെ ദുരിതം മനസ്സിലാക്കുകയോ ചെയ്തില്ലെന്നതിലാണ് പ്രദേശവാസികൾക്ക് ഏറെ സങ്കടം. ഇവിടെ നിന്ന് ഇപ്പോൾ പുറം ലോകവുമായി ബന്ധപ്പെടാൻ മാർഗ്ഗമില്ല.
നദിയിലെ വെള്ള നില താഴാതെ നിൽക്കുന്നതു കൊണ്ടും വൈദ്യുത പദ്ധതിയിൽ നിന്ന് ഉദ്പാദനം വഴി വെള്ളം പുറംതള്ളാഞ്ഞതുമാണ് നദിയിൽ വെള്ളത്തിന്റെ അളവ് താഴാത്തതിന്റെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇതു മൂലം ഒറ്റപ്പെട്ട മണക്കയം കുരുമ്പൻ മൂഴി പ്രദേശത്തെ സാധാരണകാരായ കുടുംബങ്ങളുടെ ദുരിതം ബന്ധപ്പെട്ട ജനപ്രതിനിധികളും വിവിധ സർക്കാർ വകുപ്പുകളും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
ജോലി കാര്യങ്ങൾക്കോ പഠനാവശ്യത്തിനോ നിത്യവും മറുകരയെ ആശ്രയിച്ചിരുന്ന വർ പ്രതിസന്ധിയിലായിരിക്കുകയാണ്. രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനും എന്തു ചെയ്യുമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് നാട്ടുകാർ.
ഒരോ വെള്ളപ്പൊക്ക സമയത്തും സ്ഥലത്തെത്തിയിരുന്ന ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും നാട്ടുകാരുടെ ദുരിതം പരിഹരിക്കാൻ നടപടികളുണ്ടാക്കും എന്ന വാഗ്ദാനം നൽകിയിട്ടുള്ളതല്ലാതെ ഫലവത്തായ സംവിധാനങ്ങളൊന്നും ഇതുവരെ ഉണ്ടാകാത്തതാണ് ആദിവാസി കോളനികൾ ഉൾപ്പെടെ വലിയൊരു പ്രദേശത്തെ ജനങ്ങൾ ഇപ്പോഴും ദുരിത കയത്തിൽ കഴിയാൻ കാരണം. കോസ് വെയിൽ കൈ വിരികൾ മൂടിയാണ് ഇപ്പോഴത്തെ ജലവിധാനം.