ന്യൂഡല്‍ഹി : രാജ്യത്തെ പ്രമുഖ ഡയറി ഉത്പന്ന സ്ഥാപനമായ ക്വാളിറ്റി ലിമിറ്റഡ് കമ്പനിയ്‌ക്കെതിരെ 1,400 കോടി രൂപയുടെ വഞ്ചനാക്കുറ്റത്തിന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. വായ്പയുടെ പേരില്‍ വിവിധ ബാങ്കുകളെ ക്വാളിറ്റി കമ്പനി വഞ്ചിച്ചതായാണ് കേസ്. ഡല്‍ഹി ഉള്‍പ്പെടെ എട്ട് സ്ഥലങ്ങളിലായി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. കമ്പനി ഡയറക്ടര്‍മാരായ സഞ്ജയ് ധിംഗ്ര, സിദ്ധാന്ത് ഗുപ്ത, അരുണ്‍ ശ്രീവാസ്തവ എന്നിവര്‍ക്കെതിരെ വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍, ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങളാണ് സിബിഐ ചുമത്തിയിട്ടുള്ളത്. ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പത്ത് ബാങ്കുകളുടെ സംഘടനയെ കമ്പനി വഞ്ചിച്ചതായാണ് കേസ്.
2010 മുതല്‍ വായ്പയെടുത്തിരുന്ന കമ്പനി 2018 ഓടെ വായ്പാതിരിച്ചടവില്‍ വീഴ്ച വരുത്താനാരംഭിച്ചതായുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയെ തുടര്‍ന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. വായ്പ എടുത്ത തുകയില്‍ കമ്പനി 7,107.23 കോടി രൂപ മാത്രമാണ് ബാങ്കുകളിലേക്ക് തിരിച്ചടച്ചതെന്ന് സിബിഐ കണ്ടെത്തി. ഇതിനായി കമ്പനി വ്യാജരേഖകള്‍ ചമയ്ക്കുകയും ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്ക് ഓഫ് ഇന്ത്യ, കനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ആന്ധ്ര ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, ഐഡിബിഐ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ധനലക്ഷ്മി ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവയുടെ കണ്‍സോര്‍ഷ്യത്തിന് 1400.62 കോടി രൂപയാണ് ക്വാളിറ്റി കമ്പനി നല്‍കാനുള്ളത്.
ഡല്‍ഹി കൂടാതെ സഹരണ്‍പുര്‍, ബുലന്ദ്ശഹര്‍, അജ്മീര്‍, പല്‍വാല്‍ തുടങ്ങിയ നഗരങ്ങളിലും സിബിഐ അന്വേഷണം നടത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും പുരാതനവും പ്രശസ്തവുമായ ഐസ്‌ക്രീം നിര്‍മാണ കമ്പനിയായ ക്വാളിറ്റി കമ്പനി 2018 ഡിസംബര്‍ മുതല്‍ പാപ്പര്‍നടപടിക്രമങ്ങള്‍ നേരിടുകയാണ്. ആഗോള നിക്ഷേപക കമ്പനിയായ കെകെആര്‍ നിക്ഷേപിച്ച 520 കോടി മടക്കി ചോദിച്ച് 2016 ല്‍ കോടതിയെ സമീപിച്ചതോടെയാണ് ക്വാളിറ്റിയ്‌ക്കെതിരെ കേസുകള്‍ ആരംഭിച്ചത്.