ന്യൂഡല്‍ഹി : സിബിഎസ്ഇ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷാ ഫീസ് ഒഴിവാക്കണമെന്ന പൊതുതാത്പര്യ ഹർജി സുപ്രിംകോടതി തള്ളി. ജസ്റ്റിസ് അശോക് ഭൂഷൻ, ആർ സുഭാഷ് റെഡ്ഡി, എംആർ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി തള്ളിയത്.
കൊവിഡ് പശ്ചാത്തലത്തിൽ ഫീസ് ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. അധികൃതരെ സമീപിക്കാൻ ഹർജിക്കാരന് കോടതി നിർദേശം നൽകി. സർക്കാരിനോട് ഫീസ് ഒഴിവാക്കാൻ കോടതിക്ക് എങ്ങനെ നിർദേശിക്കാൻ സാധിക്കുമെന്ന് ബഞ്ച് ചോദിച്ചു.
പരീക്ഷാ ഫീസ് ഒഴിവാക്കണമെന്ന ഹർജിയുമായി സെപ്റ്റംബർ 28ന് സോഷ്യൽ ജൂറിസ്റ്റ് എന്ന എൻജിഒ ആണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഡൽഹി സർക്കാരിനോടും സിബിഎസ്ഇയോടും തീരുമാനമെടുക്കാൻ ഉത്തവിടുകയായിരുന്നു ഹൈക്കോടതി. ഇതിനെതിരെയാണ് ഇവർ സുപ്രിംകോടതിയിൽ അപ്പീൽ നൽകിയത്.