ന്യൂഡല്‍ഹി : കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സിബിഎസ് ഇ – പ്ലസ്ടു പരീക്ഷകളുടെ കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകും. കേന്ദ്രസര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കും. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ഇന്ന് തീരുമാനം അറിയിക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയെ അറിയിച്ചത്. വിദ്യാര്‍ത്ഥികളുടെ ആശങ്ക മനസ്സിലാക്കുന്നുവെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
വടക്കു കിഴക്കന്‍ ഡല്‍ഹിയിലൊഴികെ രാജ്യത്തെ മുഴുവന്‍ സ്ഥലങ്ങളിലും സിബിഎസ്‌ഇ പ്ലസ് ടു പരീക്ഷകള്‍ മാത്രമാണ് ശേഷിക്കുന്നത്. ജൂലൈ 1-15 തീയതികളില്‍ ഇവ നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോവിഡ് പടരുന്നത് ചൂണ്ടിക്കാട്ടി പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രക്ഷിതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു. സോളിസിറ്റര്‍ ജനറലിന്റെ ഉറപ്പിനെ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. 25 ന് ഉച്ചയ്ക്ക് രണ്ടിന് ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.