മലപ്പുറം : കോവിഡ് പ്രതിസന്ധിക്കിടെ വിലക്കയറ്റത്തില്‍ പിടിവിട്ട് നിര്‍മ്മാണ മേഖല. കോവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കത്തിനിടെ അസംസ്കൃത വസ്തുക്കളുടെ വില വര്‍ധനവ് മൂലം നട്ടംതിരിയുകയാണ് നിര്‍മ്മാണ മേഖല.
സിമന്റ് , കമ്പി, ഇലക്ട്രിക്കല്‍, പ്ലംബിങ്, സാനിറ്ററി, പെയിന്റ് തുടങ്ങി എല്ലാ സാമഗ്രികളുടെയും വിലയില്‍ 20 മുതല്‍ 50 ശതമാനം വരെ വര്‍ധനയുണ്ടായിട്ടുണ്ട്. ലോക്ഡൗണ്‍ അവസാനിച്ചതിന് ശേഷം കടകളെല്ലാം വീണ്ടും തുറക്കുമ്പോള്‍ ഇനിയും വിലക്കയറ്റമുണ്ടാകുമോ എന്ന ആശങ്കയും ശക്തമാണ്. ഇന്ധനവില വര്‍ധനയാണ് വിലക്കയറ്റത്തിന് കാരണമായി പ്രധാനമായും ഉന്നയിക്കുന്നത്. വിലവര്‍ധന വന്‍കിട-ചെറുകിട നിര്‍മ്മാണ മേഖലകള്‍ക്കൊപ്പം സാധാരണക്കാരെയും കാര്യമായി ബാധിച്ചിട്ടുണ്ട്. വീട് നിര്മ്മാണത്തിലേര്പ്പെട്ടിരിക്കുന്നവരെയാണ് വിലവര്‍ധന ഏറെ ബാധിച്ചത്.
സിമന്റിന് 330-360 രൂപ വരെയുണ്ടായിരുന്നത് 460-480ലേക്കാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. കമ്പിക്ക് 50 രൂപ ശരാശരിയുണ്ടായിരുന്നത് 70ന് മുകളിലേക്ക് എത്തി. ഇതോടൊപ്പം പി.വി.സി, ജി.ഐ പൈപ്പുകളടക്കമുള്ള അനുബന്ധ സാധനങ്ങളുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപ്പെട്ട് വിലക്കയറ്റം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്.
കോവിഡ് പ്രതിസന്ധിക്കിടയിലും ഏറ്റെടുത്ത പ്രവൃത്തികള്‍ നഷ്ടത്തില്‍ പൂര്‍ത്തീകരിക്കേണ്ട അവസ്ഥയിലാണെന്ന് കരാറുകാര്‍ പറയുന്നു. വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാവശ്യമായ നടപടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും നിര്‍മ്മാണ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കോവിഡ് വാക്സിന് നല്കുന്നതില് മുന്‍ഗണന നല്‍കണമെന്നും കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ജില്ല പ്രസിഡന്റ് എന്‍.വി. കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി അബ്ബാസ് കുറ്റിപ്പുളിയന് എന്നിവര്‍ ആവശ്യപ്പെട്ടു.