തിരുവനന്തപുരം: പദ്ധതിനിർവഹണത്തിനും പരിഷ്കരണത്തിനും തടസ്സമായിനിൽക്കുന്ന സംസ്ഥാനങ്ങളിലെ സഹകരണനിയമങ്ങളിൽ മാറ്റംവരുത്തണമെന്ന് ആവശ്യപ്പെടാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സഹകരണനിയമങ്ങൾ പരിശോധിച്ച് റിപ്പോർട്ടു നൽകാൻ ഏജൻസിയെ നിയോഗിച്ചു. നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയൻ, നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്, നാഷണൽ ഫെഡറേഷൻ ഓഫ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ആൻഡ് ക്രെഡിറ്റ് സൊസൈറ്റീസ് എന്നീ അപ്പക്സ് ഏജൻസികൾക്കാണ് പഠനചുമതല. ഇവയ്ക്ക് കേന്ദ്രസഹകരണമന്ത്രാലയം പഠനവിഷയം നിശ്ചയിച്ചുനൽകി. ഭരണഘടനയിൽ സഹകരണം സംസ്ഥാനവിഷയമാണ്. സംസ്ഥാനങ്ങൾക്കാണ് നിയമനിർമാണ അവകാശം.
കേന്ദ്രം സഹകരണ മന്ത്രാലയം രൂപവത്കരിച്ചശേഷം സംസ്ഥാനനിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സഹകരണസംഘങ്ങൾക്കായി പദ്ധതികളും പരിഷ്കരണവും തയ്യാറാക്കിയിട്ടുണ്ട്. ഇത് നടപ്പാക്കാൻ സംസ്ഥാനനിയമങ്ങൾ തടസ്സമാകുന്നുവെന്ന വിലയിരുത്തലിലാണ് കേന്ദ്രം.പ്രാഥമിക കാർഷികവായ്പാ സഹകരണസംഘങ്ങൾക്ക് ഏകീകൃത ബൈലോ കൊണ്ടുവരാൻ കേന്ദ്രം തീരുമാനിച്ചെങ്കിലും കേരളം അംഗീകരിച്ചിട്ടില്ല. ഫിഷറീസ്-ക്ഷീരസംഘങ്ങളുടെ പ്രവർത്തനരീതിയിൽ മാറ്റം നിർദേശിച്ചും കേന്ദ്രം മാർഗരേഖയിറക്കിയിട്ടുണ്ട്. സഹകരണസംഘങ്ങൾക്ക് പൊതു സോഫ്റ്റ്‌വേർ, അർബൻ ബാങ്കുകളുടെ നിയന്ത്രണ ഏജൻസിയായി ദേശീയ അപ്പക്സ് സ്ഥാപനം, സംഘങ്ങളുടെ വിവരശേഖരണത്തിന് ദേശീയ ഡേറ്റാ സെന്റർ തുടങ്ങിയവ കേന്ദ്രനിർദേശങ്ങളാണ്. ഇതൊന്നും കേരളം അംഗീകരിച്ചിട്ടില്ല.