റാന്നി : വിദേശത്തുനിന്നും വികസിത രാജ്യങ്ങളിൽ നിന്നും വൻതോതിൽ ഫണ്ട് കൈപ്പറ്റുന്നതിനായി യുനെസ്‌കോയുടെ നിർദ്ദേശങ്ങൾ മുൻനിർത്തി കേന്ദ്ര ഗവൺമെന്റ് സാധാരണക്കാരെയും കർഷകരെയും പീഡിപ്പിക്കുകയാണെന്ന് കിസാന്‍സഭ ജില്ലാ സെക്രട്ടറി ടി.മുരുകേഷ് ആരോപിച്ചു. പരിസ്ഥിതി മേഖല പ്രഖ്യാപനത്തില്‍ നിന്നും പെരുനാട്, കൊല്ലമുള വില്ലേജുകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പെരുനാട്ടില്‍ നടത്തിയ ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി.മുരുകേഷ്. പശ്ചിമഘട്ട മേഖല ഉൾപ്പെടെയുള്ള പ്രദേശങ്ങളെ പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ചുകൊണ്ടുള്ള നടപടിയാണ് മലയോര മേഖലകളിലെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നത്.
വികസന പദ്ധതികൾക്കോ സ്വന്തം ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കോ അനുമതിയില്ലാതെ പ്രദേശവാസികൾ വലയുകയാണ്. പരമ്പരാഗതമായി കൃഷി ചെയ്തു ജീവിക്കുന്ന കർഷകരെ സ്വന്തം മണ്ണിൽ നിന്നും കുടിയൊഴിപ്പിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. സി.പി.ഐ. പെരുനാട് ലോക്കല്‍ സെക്രട്ടറി സി.സുരേഷ് അധ്യക്ഷത വഹിച്ചു. റാന്നി മണ്ഡലം ആക്ടിംങ് സെക്രട്ടറി എം.വി.പ്രസന്നകുമാര്‍, മണ്ഡലം സെക്രട്ടറിയേറ്റംഗം ഡി.ശ്രീകല, പെരുനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജം, ഗ്രാമ പഞ്ചായത്ത് അംഗം കെ.ടി.സജി, ടി.ടി.ജോയി, പ്രിന്‍സി തോമസ്, എന്‍.ജി.സുകു എന്നിവര്‍ പ്രസംഗിച്ചു.































