കൊച്ചി: പൗരത്വ നിയമഭേദഗതിയില്‍ കേന്ദ്രമന്ത്രിയെ എതിര്‍പ്പറിയിച്ച് മുസ്‌ലിം അസോസിയേഷനും ലത്തീന്‍ സഭയും. നിയമത്തെക്കുറിച്ച് വിശദീകരിക്കാനെത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിനെയാണ് എതിര്‍പ്പ് അറിയിച്ചത്. കേന്ദ്രസര്‍ക്കാര്‍ മുസ്‌ലിം സമുദായത്തിന്റെ തെറ്റിദ്ധാരണകള്‍ ചര്‍ച്ചകളിലൂടെ നീക്കണമെന്ന് ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം ആവശ്യപ്പെട്ടു. അതേസമയം പൗരത്വനിയമഭേദഗതിയില്‍ സംസ്ഥാനത്തെ ബിജെപിയുടെ പ്രചാരണപരിപാടിക്ക് എഴുത്തുകാരന്‍ ജോര്‍ജ് ഓണക്കൂറിന്റെ വസതിയിലായിരുന്നു തുടക്കം. നിയമത്തെപറ്റി വിശദീകരിക്കാനെത്തിയ കേന്ദ്ര സഹമന്ത്രി കിരണ്‍ റിജ്ജിജുവിനോട് നിയമത്തില്‍ തനിക്കുള്ള പ്രതിക്ഷേധം ജോര്‍ജ് ഓണക്കൂര്‍ വ്യക്തമാക്കി. തുടക്കമേ കല്ലുകടിച്ച കിരണ്‍ റിജ്ജു പിന്നീട് ചെന്നിടത്തൊക്കെ പ്രതിക്ഷേധം മാത്രമായിരുന്നു മറുപടി. വിയോജിക്കാന്‍ ജനാധിപത്യത്തില്‍ സ്വാതന്ത്ര്യമുണ്ടെന്നും കൂട്ടത്തില്‍ നിയമത്തിനെതിരെ കേരളനിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് പിണറായിയുടെ പ്രമേയത്തിനെയും കുറ്റം പറഞ്ഞ് കേന്ദ്രമന്ത്രി തലയൂരി.
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം ശമിപ്പിക്കാന്‍ ബിജെപി നടത്തുന്ന സംസ്ഥാനത്തെ പ്രചാരണപരിപാടികളുടെ തുടക്കമായിരുന്നു ജോര്‍ജ് ഓണക്കൂറിന്റെ വസതിയിലെ കേന്ദ്രസഹമന്ത്രിയുടെ സന്ദര്‍ശനം. വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ അന്വേഷണം എന്നാവശ്യപ്പെട്ട് കുമ്മനം രാജശേഖരന്‍ നേരത്തെ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ഉപവാസത്തില്‍ ജോര്‍ജ് ഓണക്കൂര്‍ പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വസതി തന്നെ ആദ്യസന്ദര്‍ശനത്തിന് ബിജെപി തെരഞ്ഞെടുത്തത്. എന്നാല്‍ പൗരത്വനിയമത്തില്‍ വ്യാജപ്രചാരണം നടക്കുന്നെന്നും നിയമം മുസ്ലിംവിരുദ്ധമല്ലെന്നും പറഞ്ഞ കേന്ദ്രമന്ത്രിക്കു മുന്നില്‍ ജോര്‍ജ് ഓണക്കൂര്‍ മുസ്ലീം സമുദായത്തെ മാത്രം ഉന്നംവെയ്ക്കുന്നതെന്തിനെന്ന് ചോദ്യം ഉന്നയിച്ച് വായ് അടപ്പിക്കുകയായിരുന്നു. അതിനു ശേഷമാണ് കേന്ദ്രമന്ത്രി മുസ്ലീം അസോസിയേഷനെയും ലത്തീന്‍ സഭയെയും സന്ദര്‍ശിച്ചത്. അവിടെയും അദ്ദേഹത്തിന് പണി കിട്ടി .